20 July, 2024 08:47:39 AM


തീവണ്ടിയില്‍ സ്ത്രീകളെ ശല്യംചെയ്തത് ചോദ്യംചെയ്ത യാത്രക്കാരന് കുത്തേറ്റു



കണ്ണൂര്‍: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ (16307) യാത്രക്കാരന് കുത്തേറ്റു. കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യംചെയ്തത് ചോദ്യംചെയ്ത ആളെയാണ് സഹയാത്രക്കാരന്‍ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് നെറ്റിയില്‍ കുത്തിയത്. ഇന്നലെ രാത്രി 11.25-ന് പയ്യോളിക്കും വടകരയ്ക്കും ഇടയിലാണ് സംഭവം. ജനറല്‍ കോച്ചില്‍ ശല്യംചെയ്ത യാത്രക്കാരനോട് മാറിനില്‍ക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ അനുസരിച്ചില്ല. മാറിനില്‍ക്കാന്‍ മറ്റൊരു യാത്രക്കാരനും പറഞ്ഞു. ഇതോടെ അക്രമി സ്‌ക്രൂഡ്രൈവര്‍ എടുത്ത് ഈ യാത്രക്കാരനെ കുത്തി.

തീവണ്ടി വടകര സ്റ്റേഷനിലെത്തിയപ്പോള്‍ ആര്‍.പി.എഫ്. അക്രമിയെ പിടിച്ചു. ഇയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മദ്യലഹരിയിലായിരുന്നു അക്രമിയെന്ന് യാത്രക്കാര്‍ പറഞ്ഞു. മുറിവ് സാരമില്ലാത്തതിനാല്‍ കുത്തേറ്റ യാത്രക്കാരന്‍ കണ്ണൂരിലേക്ക് യാത്ര തുടര്‍ന്നു. മുന്‍പ് തീവെപ്പ് നടന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഇപ്പോഴും സുരക്ഷയ്ക്ക് പോലീസുകാരില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K