19 July, 2024 12:43:38 PM
ഹൈദരാബാദിൽനിന്ന് ബസിൽ പുറപ്പെട്ട മലയാളിയെ മർദ്ദിച്ച് റോഡിൽ തള്ളിയെന്ന് കുടുംബം; പരിക്കേറ്റ കാൽ മുറിച്ചുമാറ്റി
കോട്ടയം: ഹൈദരാബാദിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയിൽ തൊടുപുഴ സ്വദേശിയെ ബസിലിട്ട് മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചെന്ന് പരാതി. വെൽഡിങ്ങ് ജോലിക്കാരനായ ആന്റണിക്കാണ് ക്രൂര മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ആന്റണിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരാണ് മർദ്ദിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മകൾക്ക് ഡെങ്കിപ്പനിയാണെന്ന് അറിഞ്ഞതോടെയാണ് ആന്റണി വേഗത്തിൽ നാട്ടിലക്ക് വരാൻ ബസ് കയറിയത്. എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതിരുന്നതോടെയാണ് ബന്ധുക്കൾ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആന്റണി സേലത്തെ ആശുപത്രിയിൽ ഉണ്ടെന്ന് കണ്ടെത്തിയത്. അങ്ങനെയാണ് മർദ്ദനമേറ്റ വിവരവും അറിയുന്നത്. പൊലീസ് എത്തുമ്പോൾ ആന്റണിയുടെ രണ്ട് കാലും ഒടിഞ്ഞ നിലയിലായിരുന്നു. കൈയ്യിൽ ആഴത്തിൽ മുറിവുകളുണ്ടായിരുന്നു. ഒടുവിൽ ബന്ധുക്കൾ എത്തി ആന്റണിയെ നാട്ടിലെത്തിച്ചു.
നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രയിൽ ആണ് ആന്റണി. അണുബാധ കൂടിയതോടെ ആന്റണിയുടെ ഒരു കാല് മുറിച്ച് മാറ്റി. സംസാരിക്കാൻ പോലും പറ്റുന്ന സ്ഥിതി അല്ല. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്നതിലും വ്യക്തതയില്ല. ബസിലുണ്ടായ തർക്കത്തിന്റെ പേരിൽ ഇത്രയും മർദ്ദിക്കുമോ എന്നാണ് പൊലീസിന്റെ സംശയം. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ മറ്റേതെങ്കിലും വാഹനങ്ങൾ ഇടിച്ചതാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് കണക്ക് കൂട്ടൽ. സംഭവത്തിൽ കരിമണ്ണൂർ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.