11 July, 2024 05:27:56 PM
ലിവിംഗ് ബന്ധത്തിലെ പ്രശ്നങ്ങൾ ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ല- ഹൈക്കോടതി
കൊച്ചി: ലിവിങ് ടുഗതർ വിവാഹം അല്ലെന്നും, പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ. ലിവിങ് ടുഗെതർ ബന്ധങ്ങളിൽ പങ്കാളിയിൽനിന്നോ ബന്ധുക്കളിൽനിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാൽ ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. പരാതിക്കാരിയായ യുവതിയുമായി ലിവിങ് ടുഗതർ ബന്ധത്തിലായിരുന്നു. ഈ ബന്ധം പിന്നീട് തകർന്നു. ഇതിനു പിന്നാലെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് യുവാവ് ചൂണ്ടിക്കാട്ടി.
യുവതിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസ് ഗാർഹിക പീഡനക്കേസെടുത്തു. ഇത് നിയമപരമല്ലെന്നും യുവാവ് ഹർജിയിൽ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതിയുടെ നിരീക്ഷണങ്ങൾ. ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരണമെങ്കിൽ നിയമപരമായി വിവാഹം കഴിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കി.