10 July, 2024 03:58:55 PM
പിറന്നത് ഇരട്ട പെൺകുട്ടികൾ; കൊന്ന് കുഴിച്ച് മൂടിയ യുവാവും കുടുംബാംഗങ്ങളും അറസ്റ്റിൽ
ന്യൂഡല്‍ഹി: സ്ത്രീധനം കുറവ് പിന്നാലെ പിറന്നത് ഇരട്ട പെൺകുട്ടികൾ. ജനിച്ച് മൂന്ന് ദിവസം മാത്രമായ നവജാത ശിശുക്കളെ കൊന്ന് കുഴിച്ച് മൂടിയ യുവാവും കുടുംബാംഗങ്ങളും അറസ്റ്റിൽ. ഡല്‍ഹി ക്രൈം ബ്രാഞ്ചാണ് പൂത്ത് കാലാൻ സ്വദേശിയായ 32കാരൻ നീരജ് സോളങ്കിയേയും മാതാപിതാക്കളുമാണ് അറസ്റ്റിലായിട്ടുള്ളത്. ഹരിയാനയിലെ റോഹ്തക്കിലെ സാംപ്ളയിൽ നിന്നാണ് ഇയാൾ പിടിയിലായത്. അറസ്റ്റ് ഒഴിവാക്കാനായി വിവിധ സ്ഥലങ്ങളിലായി കഴിയുകയായിരുന്നു നീരജ് സോളങ്കി.
ജൂൺ 3നാണ് നവജാത ഇരട്ടകളെ കൊന്ന് കുഴിച്ച് മൂടിയതായുള്ള രഹസ്യ വിവരം ക്രൈം ബ്രാഞ്ചിന് ലഭിക്കുന്നതെന്നാണ് ക്രൈം ഡിസിപി അമിത് ഗോയൽ വിശദമാക്കുന്നത്. മൃതദേഹം കുഴിച്ചിട്ട സ്ഥലവും രഹസ്യവിവരത്തിൽ വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെ സബ്ഡിവിഷണൽ മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങി നടത്തിയ പരിശോധനയിലാണ് ഇരട്ട കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ജൂൺ 6നായിരുന്നു ഇത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി നീരജ് സോളങ്കിയുടെ ഭാര്യാ സഹോദരന് പൊലീസ് വിട്ടുനൽകി. ഇതിന് പിന്നാലെ കുഞ്ഞുങ്ങളുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഡല്‍ഹി സർവ്വലാശാലയിൽ നിന്നുള്ള ബിരുദധാരിയായ യുവാവ് നിരവധി കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഉപജീവനം നടത്തുന്നത്. 2022ലാണ് ഇയാളുടെ വിവാഹം കഴിയുന്നത്. വിവാഹ ശേഷം സ്ത്രീധനത്തിന്റ പേരിൽ നീരജ് സോളങ്കിയുടെ ഭാര്യയെ ഭർതൃമാതാപിതാക്കൾ നിരന്തരമായി ശല്യം ചെയ്തിരുന്നു. ഇതിനിടയിലാണ് യുവതി ഗർഭിണിയായത്. ഇതോടെ യുവതിയുടെ ഗർഭത്തിന്റെ ലിംഗ നിർണയം അടക്കമുള്ള ഭർത്താവിന്റെ കുടുംബം നടത്തിയിരുന്നു.
ഇരട്ട പെൺകുട്ടികൾ പിറന്നതോടെ ക്ഷുഭിതരായ നീരജും മാതാപിതാക്കളും മൂന്ന് ദിവസം പ്രായമായ കുട്ടികളെ യുവതിയുടെ അടുത്ത് നിന്നും എടുത്ത് കൊണ്ട് പോയിരുന്നു. പിന്നാലെ കുട്ടികൾ അസുഖ ബാധിതരായി മരിച്ചുവെന്നാണ് ഇവർ യുവതിയോട് വിശദമാക്കിയത്. പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ സിം കാർഡുകൾ മാറ്റി ഒളിവിൽ പോയ നീരജിനെ ടെക്നിക്കൽ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കണ്ടെത്തിയത്.