08 July, 2024 06:44:28 PM


മുണ്ടക്കയത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കൾ പിടിയില്‍



മുണ്ടക്കയം : വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരുനിലം വരിക്കാനി ഭാഗത്ത് മഠത്തിൽ വീട്ടിൽ ഉണ്ണിക്കുട്ടൻ എം.എസ് (24), എരുമേലി കരിനീലം 96 കവല ഭാഗത്ത് മണിമലത്തടം വീട്ടിൽ  ദിനുക്കുട്ടൻ എൻ. എം (24), എരുമേലി കണ്ണിമല ഉറുമ്പിപാലം ഭാഗത്ത് കുരിശുംമൂട്ടിൽ വീട്ടിൽ അലൻ കെ അരുൺ (24), എരുമേലി നേർച്ചപ്പാറ ഭാഗത്ത് അഖിൽ നിവാസ് വീട്ടിൽ അഖിൽ അജി (27) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, മുണ്ടക്കയം പോലീസും ചേർന്ന് പിടികൂടിയത്.


വിൽപ്പനയ്ക്കായി കഞ്ചാവ് മുണ്ടക്കയത്ത് കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, മുണ്ടക്കയം പോലീസും നടത്തിയ പരിശോധനയിലാണ് ഉണ്ണിക്കുട്ടനെയും, ദിനുക്കുട്ടനെയും കഞ്ചാവുമായി ഈ സംഘം പിടികൂടുന്നത്. ഇവരിൽ നിന്നും  ഒരു കിലോ 50 ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.


പ്ലാസ്റ്റിക് കവറിനുള്ളിൽ ടേപ്പ് ചുറ്റിയ രീതിയിലാണ് കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും വിൽപ്പനയ്ക്കായി കഞ്ചാവ് ഉണ്ണിക്കുട്ടനും സുഹൃത്തുക്കളും ഒഡിഷയില്‍ നിന്നും ബാംഗ്ലൂര്‍ വഴി എറണാകുളത്ത് എത്തിച്ഛതായും, ഇവിടെ നിന്നും ഉണ്ണിക്കുട്ടനെ അലനും, അഖിലും എറണാകുളത്തെത്തി കാറിൽ കൂട്ടിക്കൊണ്ട് വരികയും, വഴിയില്‍ നിന്ന് ദിനുക്കുട്ടനും കയറുകയും, ഇവര്‍ ഒരുമിച്ച്  മുണ്ടക്കയത്തെത്തി കഞ്ചാവ്  വില്‍പ്പന നടത്തുവാനായിരുന്നു പദ്ധതി എന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. കഞ്ചാവ് എറണാകുളത്തുനിന്ന് കടത്തിക്കൊണ്ടുപോരാൻ ഉണ്ണിക്കുട്ടനെ സഹായിച്ച കേസിലാണ് അലനും, അഖിലും പോലീസിന്റെ പിടിയിലാവുന്നത്.


മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ തൃദീപ് ചന്ദ്രൻ, എസ്.ഐ മാരായ വിപിൻ കെ.വി, അനിൽകുമാർ, എ.എസ്. ഐ ഷീബ, സി.പി.ഓ മാരായ ബിജി, അജീഷ് മോൻ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഈ കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K