08 July, 2024 02:24:10 PM


ചികിത്സിക്കാൻ പണമില്ല; 15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചുമൂടി



ഇസ്‌ലാമാബാദ്: ചികിത്സിക്കാൻ പണമില്ലാത്തതിന്റെ പേരിൽ പതിനഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെ ജീവന്റെ കുഴിച്ചുമൂടിയ പിതാവ് പോലീസ് പിടിയിൽ. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നൗഷാഹ്‌രോ ഫിറോസിലെ തരുഷ സ്വദേശി തയ്യബാണ് അറസ്റ്റിലായത്. കുഞ്ഞിനെ ചികിത്സിക്കാൻ പണമില്ലാത്തതിനാലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. വലിയ രീതിയിൽ സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്നതായും ഇയാൾ പറഞ്ഞു.

കുഞ്ഞിനെ ജീവനോടെ ചാക്കിൽ വച്ച ശേഷമാണ് കുഴിച്ചുമൂടിയതെന്നും പിതാവ് പൊലീസിനോട് വെളിപ്പെടുത്തി. തയ്യബിനെ പൊലീസ് കോടതിയിൽ ഹാജരാക്കി. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഫോറൻസിക് പരിശോധന നടത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാൻ അഭിമുഖീകരിക്കുന്നത്. കേന്ദ്ര ബാങ്കിന്റെ വിദേശ നാണ്യത്തിലെ കുത്തനെയുളള ഇടിവാണ് പാകിസ്ഥാൻ അടി പതറാനുള്ള പ്രധാന കാരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷ്യവസ്തുക്കൾ, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ ക്ഷാമത്താൽ സാധാരണക്കാർ പ്രതിസന്ധിയിലാണ്.

ദക്ഷിണേഷ്യയിലെ ഏറ്റവും ക്ഷയിച്ച രാജ്യമെന്നാണ് ഐഎംഎഫ് പാകിസ്ഥാനെ വിശേഷിപ്പിച്ചത്. ലോകബാങ്കിന്റെ ആഗോള സാമ്പത്തിക റിപ്പോർട്ടിൽ പാകിസ്ഥാന്റെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ച 1.7 ശതമാനം മാത്രമാണുള്ളത്. ഇതോടൊപ്പം സഹായം നൽകിക്കൊണ്ടിരുന്ന സൗദി അറേബ്യയും യുഎഇയും പാകിസ്ഥാനെ കൈയയച്ച് സഹായിക്കുന്നതിനുളള വിമുഖത അറിയിച്ചതും പാകിസ്ഥാന് തിരിച്ചടിയായിട്ടുണ്ട്. മുൻകാലങ്ങളിലെ പോലെ സഹായം നൽകാൻ കഴിയില്ലെന്ന മുന്നറിയിപ്പാണ് ഈ രാജ്യങ്ങൾ കഴിഞ്ഞ വർഷം നൽകിയിട്ടുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K