08 July, 2024 09:02:54 AM
റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ സമരം ഇന്നു മുതൽ
തിരുവനന്തപുരം: വേതന വര്‍ധനവ് അടക്കമുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന 48 മണിക്കൂര്‍ കടയടപ്പ് സമരം ഇന്നുമുതല്‍. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന രാപകല്‍ സമരം രാവിലെ 10ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും എം.എല്‍.എ യുമായ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് പ്രതിപക്ഷനേതാവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഭരണ- പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സമരത്തില്‍ റേഷൻ വിതരണം പൂർണമായും മുടങ്ങും. സമരത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ റേഷൻ വ്യാപാരികള്‍ രാപകല്‍ പ്രതിഷേധം സംഘടിപ്പിക്കും.സിവില്‍ സപ്ലൈസ് മന്ത്രി ജി ആർ അനിലുമായി റേഷൻ ഡീലർമാരുടെ സംഘടനാ നേതാക്കള്‍ നടത്തിയ ചർച്ചയില്‍ തീരുമാനമാകാതിരുന്നതോടെയാണ് സമരത്തിലേക്ക് നീങ്ങിയത്.
രണ്ട് ദിവസത്തെ രാപകല്‍ സമരം സൂചന മാത്രമാണെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചു. റേഷൻ കടകള്‍ നടത്തുന്നവർക്ക് പ്രതിഫലം നല്‍കുന്നതിന് നിലവിലുള്ള നിബന്ധനകളില്‍ മാറ്റം വരുത്തുക, ജീവനക്കാർക്ക് സർക്കാർ ശമ്ബളം നല്‍കുക, ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.