02 July, 2024 08:35:30 AM
ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍; ട്രെയിന്‍ ഇന്ന് മുതല്‍
കോഴിക്കോട്: ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.40-ന് കണ്ണൂരിലെത്തും.കണ്ണൂരില്‍ നിന്നും രാവിലെ 8.10 ന് എടുക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.30ന് ഷൊര്‍ണൂരില്‍ എത്തും. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് പുതിയ സര്‍വീസ് ഏറെ ഗുണപ്രദമാകും. വൈകിട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും ഇതോടെ കുറവുവരും. ട്രെയിന്‍ കാസര്‍കോട്ടേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ്.
കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത അവസ്ഥക്ക് ഇതോടെ പരിഹാരമാകുമെന്നാണ് കണക്ക് കൂട്ടല്‍. പരശുറാമില്‍ നല് തിരക്കാണ് അനുഭവപ്പെടാറുള്ളത്. പിന്നാലെയെത്തുന്ന നേത്രാവതിയില്‍ ഉള്ളത് രണ്ട് ജനറല്‍ കോച്ച് മാത്രമാണുള്ളത്. 6.15 ന് കണ്ണൂര്‍ എക്‌സ്പ്രസ് പോയാല്‍ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എത്തേണ്ടതാണ്. എന്നാല്‍ വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വഴിയില്‍ ഒരു മണിക്കൂറോളം പിടിച്ചിടും. ഇതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയ സാഹചര്യം നിലനില്‍ക്കുന്ന സമയത്താണ് പുതിയ പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചത്.
കോഴിക്കോട് നിന്നും വടക്കോട്ട് നാലുമണിക്കൂറിലേറെ സമയം ട്രെയിനുകള്‍ ഇല്ലാത്ത അവസ്ഥയാണ്. രാത്രിയിലുള്ള ജനശതാബ്ദിയും എക്‌സിക്യൂട്ടീവും കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും. ഇതോടെ കാസര്‍കോട് പോകാനുള്ള സാധാരണ യാത്രക്കാര്‍ പെരുവഴിയിലാവും. യാത്രാ ദുരിതത്തിന് മെമു സര്‍വീസ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.