27 June, 2024 06:25:57 PM


മേയർ– കെഎസ്ആർടിസി ഡ്രൈവർ തർക്കം: ജോലിയിൽ തിരിച്ചെടുക്കണമെന്ന് യദു



തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലിയിൽ നിന്ന് മാറ്റിനിർത്തിയ യദു തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് പരാതി നൽകി. ഒന്നുകിൽ ജോലിയിൽ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞ് വിടണമെന്നാണ് യദുവിൻറെ പരാതിയിൽ പറയുന്നത്. ആര്യ രാജേന്ദ്രൻ നൽകിയ പരാതിക്ക് പിന്നാലെയാണ് യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയത്. യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദ്ദേശം നൽകുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രൻറെ പരാതിയിൽ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കെഎസ്ആർടിസി ബസിന് കുറുകെ കാർ നിർത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ചാണ് ഏപ്രിൽ 27 ന് യദു പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് ആദ്യം തയ്യാറായില്ല. പിന്നീട് കോടതി സമീപിച്ചതോടെയാണ് മേയർക്കും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുത്തത്. തനിക്കെതിരായ കേസിൽ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ താൻ നൽകിയ കേസിൽ മെല്ലപ്പോക്കാണെന്നും യദു പരാതിപ്പെടുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K