26 June, 2024 11:01:30 AM


ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണു; ഗുരുതരമായി പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു



മലപ്പുറം: ട്രെയിന്‍ യാത്രയ്ക്കിടെ മധ്യഭാഗത്തെ ബെര്‍ത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്ക് അലിഖാന്‍ (62) ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലില്‍വെച്ചു മധ്യഭാഗത്തെ ബെര്‍ത്ത് പൊട്ടി താഴത്തെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് ബെര്‍ത്തും അതില്‍ കിടന്നിരുന്ന ആളും വീഴുകയായിരുന്നു. ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തില്‍ ബെര്‍ത്ത് പതിച്ചതിനെത്തുടര്‍ന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്നുപോയി.

റെയില്‍വേ അധികൃതര്‍ ആദ്യം വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ കിങ്‌സ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K