23 June, 2024 11:54:15 AM
ഒ ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ ആര്‍ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് കേളു മന്ത്രിയാകുന്നത്.
വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ് കേളു. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ്. ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയാകുന്ന സിപിഎം നേതാവുമാണ് കേളു. 10 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് പ്രസിഡന്റായിരുന്നതിന്റെ ഭരണപരിചയവുമായിട്ടാണ് മന്ത്രി കേളു മന്ത്രിപദവിയിലേക്കെത്തുന്നത്.
കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. പട്ടികജാതി- പട്ടിക വര്‍ഗ ക്ഷേമം മാത്രമാണ് നല്‍കിയിട്ടുള്ളത്. ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്ററി കാര്യം എംബി രാജേഷിനും നല്‍കാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. ആദ്യമായി മന്ത്രിയാകുന്നു എന്ന കാരണത്താലാണ് കേളുവിന് ഈ വകുപ്പുകള്‍ നല്‍കാത്തത് എന്നാണ് റിപ്പോര്‍ട്ട്.
കേളുവിന് പട്ടികജാതി- പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മാത്രം നല്‍കിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേളുവിന് ദേവസ്വം നല്‍കാത്തത് തെറ്റായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സവര്‍ണ സമുദായ പ്രീണനമാണ് ദേവസ്വം വകുപ്പ് കേളുവിന് നല്‍കാത്തതിന് പിന്നിലെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍ പറഞ്ഞു.
ആദ്യമായി മന്ത്രിയായ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് പോലുള്ള വലിയ വകുപ്പ് നല്‍കാം. എന്നാല്‍ കേളുവിന് പട്ടികജാതി-വര്‍ഗ വകുപ്പ് മാത്രം നല്‍കി ഒതുക്കിയത് സിപിഎമ്മിന്റെ തമ്പ്രാന്‍ മനോഭാവമാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു.