20 June, 2024 09:53:11 AM


നിമിഷപ്രിയയുടെ മോചനം: പ്രാരംഭ ചർച്ചയ്ക്കുള്ള പണം കൈമാറാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി



ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായുളള പ്രാരംഭ ചർച്ചയ്ക്കുള്ള പണം കൈമാറാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി. സനായിലെ ഇന്ത്യൻ എംബസി വഴി പണം കൈമാറാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ബ്ലഡ് മണി സംബന്ധിച്ച പ്രാരംഭ ചർച്ചയ്ക്കുള്ള തുക ആണിത്. എംബസിക്ക് കൈമാറേണ്ട തുക നാൽപതിനായിരം യുഎസ് ഡോളറാണ്. 'സേവ് നിമിഷപ്രിയ' ആക്ഷൻ കൗൺസിൽ ഇതിനായി ധനസമാഹരണം തുടങ്ങി. പ്രാരംഭ ചർച്ചയ്ക്കുള്ള തുക ഒരാഴ്ചയ്ക്കകം കണ്ടെത്താനാണ് ശ്രമം.

നിമിഷപ്രിയയുടെ മോചനത്തിനായുളള ധനസമാഹരണ യജ്ഞവുമായി 'സേവ് നിമിഷ പ്രിയ' ആക്ഷൻ കൗൺസിൽ രം​ഗത്ത് എത്തിയിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലായേക്കാമെന്ന വിലയിരുത്തലിലാണ് ദിയാധനം നൽകാനുള്ള ധനസമാഹരണം ആരംഭിക്കുന്നത്. മൂന്നുകോടി രൂപ സമാഹരിക്കാൻ 'ദിയാധന സ്വരൂപണ' എന്ന പേരിലാണ് ക്യാമ്പയിൽ ആരംഭിക്കുന്നത്. മകളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരുടെയും സഹായം വേണമെന്ന് യെമനിൽ നിന്നും നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരി അഭ്യർത്ഥിച്ചു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ യെമനില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. 2017 ജൂണ്‍ 25-ന് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് നിമിഷപ്രിയയുടെ പേരിലുളള കേസ്. ഈ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുകയാണ് നിമിഷ. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീംകോടതിയും തള്ളിയിരുന്നു.

ശരീയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം. യെമനിലെ സര്‍ക്കാരുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. ഈ സഹചര്യത്തില്‍ 'സേവ് നിമിഷ പ്രിയ' ആക്ഷന്‍ കൗണ്‍സിലാണ് യെമനിലെ ചര്‍ച്ചകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K