15 June, 2024 07:00:34 AM
വാഹനരജിസ്ട്രേഷൻ വിവര ശേഖരം ചോർന്നു? ഉടമകൾക്ക് വ്യാജപിഴ സന്ദേശമെത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഉടമകളുടെ ഫോണിലേക്ക് വ്യാപകമായി വ്യാജപിഴ സന്ദേശമെത്തുന്നു. വാഹനരജിസ്ട്രേഷൻ വിവരശേഖരം ചോർന്നെന്ന് വ്യക്തമാക്കുകയാണ് ഈ സന്ദേശങ്ങൾ എന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. 'അമിത വേഗത്തിനും സിഗ്നല്‍ തെറ്റിക്കലിനുമടക്കം നിങ്ങളുടെ വാഹനത്തിന് പിഴ ചുമത്തിയിരിക്കുന്നു' എന്ന ഉള്ളടക്കത്തോടെയാണ് ഉടമകളുടെ വാട്സ്ആപ് നമ്ബറുകളിലേക്ക് മെസേജ് ലഭിക്കുന്നത്.
പിഴ സന്ദേശത്തില്‍ വാഹന നമ്ബർ ഉള്‍പ്പെട്ടിട്ടുണ്ടെന്നതും 'വാഹനി'ല്‍ നല്‍കിയ ഫോണിലേക്കാണ് മെസേജ് എത്തിയത് എന്നതുമാണ് ഡാറ്റ ചോർച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നത്. പൊലീസും മോട്ടോർ വാഹനവകുപ്പും പിഴചുമത്തി അയക്കുന്ന സന്ദേശത്തിന്‍റെ സമാന വാചകഘടനയിലാണ് വ്യാജസന്ദേശവും. മോട്ടോർ വാഹനവകുപ്പിന്‍റെ ലോഗോ പ്രൊഫൈല്‍ പിക്ചർ ആക്കിയുള്ള വാട്സ്ആപ് അക്കൗണ്ടില്‍നിന്നാണ് സന്ദേശമെത്തുന്നത്.
വാഹന നമ്ബറിന് പുറമേ, ചലാൻ നമ്ബർ, നിയമലംഘനം നടന്ന തീയതി എന്നിവയും ഇതിലുണ്ട്. പൊലീസിന്‍റെ പിഴ സന്ദേശത്തില്‍ ചലാൻ ഒടുക്കേണ്ട പോർട്ടലിന്‍റെ ലിങ്കാണെങ്കില്‍ വ്യാജ സന്ദേശത്തില്‍ ഒപ്പമുള്ളത് 'വാഹൻ പരിവാഹൻ' എന്ന വ്യാജ ആപ്പിന്‍റെ ലിങ്കാണ്. ഈ ആപ്പില്‍ പ്രവേശിച്ചാല്‍ ഫോട്ടോ അടക്കം കുറ്റകൃത്യത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്നാണ് സന്ദേശത്തിലെ നിർദേശം.
ലിങ്ക് ഇൻസ്റ്റാള്‍ ചെയ്യുന്നതോടെ തട്ടിപ്പുകാരുടെ വലയിലേക്കാണ് ഉടമകളെത്തുക. പണനഷ്ടം മാത്രമല്ല, മൊബൈല്‍ ഫോണില്‍നിന്ന് വിവരവും മോഷ്ടിക്കപ്പെടാം. ലിങ്ക് ഇൻസ്റ്റാള്‍ ചെയ്യാതെ പിഴയൊടുക്കാനായി മോട്ടോർ വാഹനവകുപ്പിന്‍റെ വെബ് പോർട്ടലില്‍ പ്രവേശിച്ച് ചലാൻ നമ്ബർ നല്‍കിയപ്പോഴാണ് ഇങ്ങനെയൊരു ചലാൻ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉടമകള്‍ക്ക് വ്യക്തമായത്. ഇതോടെ ആർ.ടി.ഒ അധികൃതരെ സമീപിക്കുകയായിരുന്നു. ഇതടക്കം ഉള്‍പ്പെടുത്തി ഗതാഗത കമീഷണറേറ്റിന് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ആർ.ടി.ഒമാർ.
തട്ടിപ്പ് ശ്രമങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെങ്കിലും പോർട്ടലില്‍നിന്ന് വാഹന ഉടമകളുടെ വിവരങ്ങള്‍ ചോർന്നതെങ്ങനെയെന്നതാണ് ഗൗരവതരമായ ചോദ്യം. 2017 മേയില്‍ സംസ്ഥാനത്തെ ഒരുകോടി വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ സ്വകാര്യ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഉടമകളുടെ മേല്‍വിലാസവും മൊബൈല്‍ നമ്ബറും അടങ്ങിയ മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വിവരശേഖരമാണ് അന്ന് ചോർന്നത്. വെബ്സൈറ്റില്‍നിന്ന് വിവരങ്ങള്‍ നീക്കിയാണ് പ്രശ്നം പരിഹരിച്ചത്.