14 June, 2024 07:03:56 PM


മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരേയുള്ള ദിനാചരണം ശനിയാഴ്ച



കോട്ടയം: വയോജനങ്ങളോടുളള ചൂഷണത്തിനെതിരെ അവബോധം വളര്‍ത്തുക, ചൂഷണം എന്താണെന്ന് വയോജനങ്ങളെ ബോധവത്കരിക്കുക, അവരുടെ ക്ഷേമത്തിന്‍റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി ഐക്യാരാഷ്ട്ര സഭ മുതിര്‍ന്ന പൗരന്മാരോടുള്ള അക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ ദിനമായി ജൂണ്‍ 15 ആചരിക്കുന്നു. ''അടിയന്തര ഘട്ടങ്ങളില്‍ പ്രായമായവര്‍ക്കുള്ള നീതിയും ബഹുമാനവും'' എന്നതാണ്  ഈ വര്‍ഷത്തെ ദിനാചരണ പ്രമേയം. ഒപ്പം തന്നെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും   സംരക്ഷണവും ക്ഷേമവും അന്തസ്സും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന നിയമനിര്‍മ്മാണമാണ് 2007 ലെ 'മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമം' പറയുന്നത്.
 
> മുതിര്‍ന്ന പൗരന്മാരെ ചൂഷണത്തില്‍ നിന്നും  ദുരുപയോഗത്തില്‍ നിന്നും സംരക്ഷിക്കുന്ന നടപടികള്‍ ഈ നിയമം കൈക്കൊള്ളുന്നു.

> മുതിര്‍ന്ന പൗരന്‍ എന്നാല്‍ അറുപത് വയസോ അതിനു മുകളിലോ പ്രായമുള്ള വ്യക്തി എന്നും മാതാവ് , പിതാവ് എന്നാല്‍ ജീവശാസ്ത്രപരമായോ ദത്തുവഴിയോ ആയ മാതാവും പിതാവും എന്നും നിയമം നിര്‍വചിച്ചിരിക്കുന്നു. രണ്ടാനച്ഛനും രണ്ടാനമ്മയും ഇതില്‍ ഉള്‍പെടും.

> സ്വന്തം സമ്പാദ്യത്തിലൊ സ്വത്തിലൊ ജീവിക്കാന്‍ കഴിയാത്ത രക്ഷിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ മക്കളില്‍ നിന്നോ അവകാശികളില്‍ നിന്നോ ജീവനാംശം ആവശ്യപ്പെടാന്‍ അര്‍ഹതയുണ്ട്.

> സ്വയം പരിപാലിക്കാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് മെയിന്റനന്‍സ് ക്ലെയിം അവകാശപ്പെടാം.

> മക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പേരകുട്ടികളില്‍ നിന്നോ മരുമക്കളില്‍നിന്നോ ജീവനാംശവും സുരക്ഷയും അവകാശപ്പെടാം.

> സംരക്ഷിക്കാമെന്ന വ്യവസ്ഥയില്‍ സ്വത്ത് കൈമാറ്റം ചെയ്ത് മാതാപിതാക്കളെയും മുതിര്‍ന്ന പൗരന്മാരെയും പിന്നീട് സംരക്ഷിക്കാതിരുന്നാല്‍  സ്വത്ത് കൈമാറ്റം ചെയ്തത് തിരിച്ചെടുക്കാനുള്ള  വ്യവസ്ഥകള്‍  ഈ നിയമത്തില്‍ ഉള്‍പ്പെടുന്നു.

> പ്രായമായവര്‍ക്ക് മാന്യവും ആരോഗ്യകരവും സുരക്ഷിതവുമായ ജീവിതം ഉറപ്പുവരുത്തുന്നതിനും പ്രോത്സാഹിപ്പിക്കാനും അവരെ പരിപാലിക്കാനുമുള്ള സാമൂഹികവും കുടുംബപരവുമായ ബാധ്യത ശക്തിപ്പെടുത്താനും ഈ നിയമം ലക്ഷ്യമിടുന്നു.

> മുതിര്‍ന്ന പൗരന്മാര്‍ക്ക് വൈദ്യ പരിചരണത്തിനും സഹായത്തിനുമുള്ള വ്യവസ്ഥകളും  ഈ നിയമം ഉറപ്പാക്കുന്നു.

> നിര്‍ദ്ധനരായ മുതിര്‍ന്ന പൗരന്മാരെ പാര്‍പ്പിക്കാന്‍ മതിയായ എണ്ണം വൃദ്ധസദനങ്ങള്‍ ഉറപ്പുവരുത്താനുള്ള  ചുമതല സര്‍ക്കാരിലുണ്ട്.

> അവഗണന തടയാനും മുതിര്‍ന്ന പൗരന്മാര്‍ക്ക് പരിചരണവും പിന്തുണയും ഉറപ്പുവരുത്താനും  ഈ നിയമം ലക്ഷ്യമിടുന്നു.

> മുതിര്‍ന്ന പൗരനെ ഉപേക്ഷിക്കുന്നത് ഈ നിയമപ്രകാരം തടവും പിഴയും ലഭിക്കാവുന്ന  ക്രിമിനല്‍ കുറ്റമാണ്.
മൂന്നുമാസം തടവോ അയ്യായിരം രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കും

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരേയുള്ള ദിനാചരണത്തിന്‍റെ കോട്ടയം ജില്ലാ തല ഉദ്ഘാടനം ശനിയാഴ്ച സി.എം.എസ്. കോളജിൽ നടക്കും. രാവിലെ 10.00 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു ദിനാചരണം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസമിതി അധ്യക്ഷൻ പി.എം. മാത്യൂ അധ്യക്ഷനായിരിക്കും. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ ദിനാചരണ സന്ദേശം നൽകും. പാലാ ആർ.ഡി.ഒ: കെ.പി. ദീപ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വാഹനപ്രചാരണ ജാഥയുടെ ഫ്‌ളാഗ് ഓഫ് സംസ്ഥാന വയോജന കൺസിൽ അംഗം തോമസ് പോത്തൻ നിർവഹിക്കും.

സി.എം.എസ്. കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സോണി ജോസഫ്, സാമൂഹിക സുരക്ഷാ മിഷൻ ജില്ലാ കോഡിനേറ്റർ ജോജി ജോസഫ് എന്നിവർ പ്രസംഗിക്കും. ജില്ലാ സാമൂഹികനീതി ഓഫീസ്, ജില്ലാ പഞ്ചായത്ത്, കോട്ടയം-പാലാ മെയിന്റനൻസ് ട്രിബ്യൂണൽ, കേരള സാമൂഹിക സുരക്ഷാ മിഷൻ ജില്ലാ വയോജന കൗൺസിൽ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടനശേഷം കോട്ടയം ഗാന്ധി സ്‌ക്വയർ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, നാഗമ്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സി.എം.എസ്. കോളജിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബും കലാപരിപാടികളും അരങ്ങേറും.

പാലക്കാട് ജില്ലയില്‍

രക്ഷിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും മെയിന്റനന്‍സ് ക്ലെയിമുകള്‍ കൈകാര്യം ചെയ്യാന്‍ ജില്ലയില്‍ പാലക്കാടും  ഒറ്റപ്പാലത്തും റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ (ആര്‍ ഡി ഒ ഓഫിസുകളില്‍ ) പ്രത്യേക ട്രൈബ്യൂണലുകള്‍ നിലവിലുണ്ട്.
സ്വയം പരിപാലനത്തിന് കഴിയാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് മെയ്ന്റനന്‍സ് ട്രിബ്യൂണലിനെ സമീപിക്കാവുന്നതാണ്. റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരാണ് മെയ്ന്റനന്‍സ് ട്രിബുണലിന്‍റെ പ്രസീഡിങ് ഓഫീസര്‍മാര്‍. ജില്ലാ കളക്ടര്‍മാര്‍ അപ്പലേറ്റ് .  ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പരിപാലന  ഓഫീസറായിരിക്കും.

> വേഗത്തിലുള്ളതും നീതിയുക്തവുമായ പരിഹാരം മെയിന്റനന്‍സ്  ട്രൈബ്യൂണലുകള്‍ ഉറപ്പാക്കുന്നു. ട്രൈബ്യുണലിനു സ്വമേധയാ കേസെടുക്കാം.

> മെയിന്റനന്‍സ് ക്ലെയിമില്‍ ഭക്ഷണം, വസ്ത്രം, താമസസ്ഥലം,  ചികിത്സ എന്നിവ ഉള്‍പ്പെടുന്നു.

> മാതാപിതാക്കള്‍ക്കോ മുതിര്‍ന്ന പൗരന്മാര്‍ക്കോ പ്രതിമാസ മെയിന്റനന്‍സ്  തുക നല്‍കാന്‍ മക്കളോടോ അവകാശികളോടോ ഉത്തരവിടാന്‍ മെയിന്റനന്‍സ്  ട്രൈബ്യൂണലുകള്‍ക്ക് അധികാരമുണ്ട്.

> സംരക്ഷിക്കാം എന്ന വ്യവസ്ഥയില്‍ സ്വത്ത് കൈമാറ്റം ചെയ്ത മാതാപിതാക്കളെയും മുതിര്‍ന്ന പൗരന്മാരെയും പിന്നീട് സംരക്ഷിക്കാതിരുന്നാല്‍ സ്വത്ത് കൈമാറ്റം ചെയ്തത് തിരിച്ചെടുക്കാനുള്ള വ്യവസ്ഥകള്‍ ഈ നിയമത്തില്‍ ഉള്‍പ്പെടുന്നു എന്ന് മാത്രമല്ല ക്രയവിക്രയങ്ങള്‍ അസാധുവാക്കാനുള്ള   ഉത്തരവിടാന്‍ മെയിന്റനന്‍സ്  ട്രൈബ്യൂണലുകള്‍ക്ക് അധികാരമുണ്ട്.

> ട്രിബ്യൂണല്‍ ഉത്തരവുകള്‍ക്കെതിരെ ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം.

കുട്ടികളിലും അവബോധമുണ്ടാക്കാം

> വീടുകളില്‍ കുട്ടികളില്‍ പ്രായമായവരോടുള്ള സാംസ്‌കാരിക മനോഭാവം വളര്‍ത്തിയെടുക്കുക, കുടുംബങ്ങളില്‍ ബഹുമാനത്തിന്റെയും പരിചരണത്തിന്റെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുക,വളര്‍ത്തിയെടുക്കുക.

> മുതിര്‍ന്നവരോട് മാതൃകാ പരമായി പെരുമാറുക.

> പ്രായമായ മാതാപിതാക്കള്‍ക്ക് സംരക്ഷണവും സാമ്പത്തിക സഹായവും നല്‍കാനുള്ള നിയമപരമായ ബാധ്യത മക്കള്‍ക്കും അനന്തരാവകാശികള്‍ക്കുമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K