24 October, 2025 02:58:56 PM
യുകെയില്‍ കാണാതായ കോട്ടയം സ്വദേശിയെ കണ്ടെത്തി

ലണ്ടന്‍: യുകെയിലെ നോട്ടിങ്ങാമില്‍ നിന്നും കാണാതായ മലയാളിയായ ഗൃഹനാഥനെ കണ്ടെത്തി. കോട്ടയം സ്വദേശിയായ സ്റ്റീഫന്‍ ജോര്‍ജി(47)നെയാണ് കാണാതായത്. സ്റ്റീഫനെ വെയില്‍സിലെ സ്വാന്‍സിയയില്‍ നിന്നാണ് കണ്ടെത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം. സ്റ്റീഫനെ കണ്ടെത്താന്‍ പൊതുജന സഹായം തേടി സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ അറിയിപ്പ് നല്‍കിയ നോട്ടിങ്ങാംഷെയര്‍ പോലിസ് , സ്റ്റീഫനെ കണ്ടെത്തിയ വിവരം കഴിഞ്ഞ ദിവസം രാത്രി 10.45 ന് അറിയിപ്പ് നല്‍കിയത്.
നോട്ടിങ്ങാമിലെ പീത്സ ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്ന സ്റ്റീഫന്‍ ജോര്‍ജ് പതിവ് പോലെ ഞായറാഴ്ച ജോലിക്കായി സൈക്കിളില്‍ വീട്ടില്‍ നിന്നും പോയതായിരുന്നു. തുടര്‍ന്നാണ് കാണാതായതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് ഫാക്ടറി ജീവനക്കാര്‍ കുടുംബത്തെ വിവരം അറിയിച്ചപ്പോഴാണ് കാണാതായ വിവരം കുടുംബാംഗങ്ങള്‍ അറിഞ്ഞു തുടങ്ങിയത്.






