14 June, 2024 01:35:55 PM


ബാർ കോഴ വിവാദം; തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകൻ്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്



തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വെള്ളയമ്പലത്തെ വീട്ടിൽ വെച്ചാണ് ക്രൈംബ്രാഞ്ച് അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫീസിലെത്താനായിരുന്നു അർജുൻ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നത്. സൗകര്യപ്രദമായ സ്ഥലം അറിയിച്ചാൽ മൊഴിയെടുക്കാമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്ന് അർജുൻ രാധാകൃഷ്ണൻ പ്രതികരിച്ചു. താൻ വാട്സ്ആപ് ഗ്രൂപ്പിലില്ലെന്നും ഭാര്യ പിതാവിന് ബാർ ഉണ്ടായിരുന്നുവെന്നും അർജുൻ കൂട്ടിച്ചേർത്തു.

മദ്യനയം മാറ്റത്തിനായി കോഴപ്പിരിവിന് ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് അനുമോൻ ശബ്ദ സന്ദേശമിട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ രാധാകൃഷ്ണൻ അംഗമാണെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ വാദം. ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി എം ബി രാജേഷിൻ്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അർജുൻ രാധാകൃഷ്ണനെ ചോദ്യം ചോയ്തത്. വിവാദ ശബ്ദ സന്ദേശം പുറത്തുവന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ രാധാകൃഷ്ണൻ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ പലതവണ അന്വേഷണത്തോട് സഹകരിക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഫോണിൽ ബന്ധപ്പെട്ടിട്ടും ചോദിച്ച വിവരങ്ങൾ നൽകാത്തതിനെ തുടർന്നാണ് അർജുനെ നേരിട്ട് ചോദ്യം ചെയ്തത്.


വിവാദ ശബ്ദ സന്ദേശം എങ്ങനെ പുറത്തുവന്നു എന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അർജുൻ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഇടുക്കിയിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടെന്നും ഈ നമ്പറിലേ പ്രൊഫൈൽ ചിത്രം മറ്റൊരാളുടേതാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. അർജുന്റെ ഭാര്യ പിതാവ് ബാർ ഉടമകളുടെ സംഘടനയിലെ അംഗവും വാട്സ്ആപ്പ് ഗ്രൂപ്പിന്റെ മുൻ അഡ്മിനും ആയിരുന്നു. എന്നാൽ ബാറുമകളുടെ സംഘടനയുമായി ഒരു ബന്ധമില്ലെന്നും വാട്സ്ആപ്പ് ഗ്രൂപ്പിലുള്ളത് തന്റെ നമ്പർ അല്ലെന്നുമാണ് അർജുന്റെ വിശദീകരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K