14 June, 2024 09:17:37 AM


ലോക കേരളസഭയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും



തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച സാഹചര്യത്തിലാണ് ഉദ്ഘാടനം 3 മണിയിലേക്ക് മാറ്റിയത്. 


ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലത്തെ പരിപാടികളും കലാപ്രകടനങ്ങളും ഒഴിവാക്കിയിരുന്നു. സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും പ്രതിനിധികൾ എത്തിയ സാഹചര്യം പറഞ്ഞായിരുന്നു പരിപാടി തുടരുമെന്ന് സർക്കാർ വിശദീകരിച്ചത്. 103 രാജ്യങ്ങളില്‍ നിന്നും 25 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവാസി കേരളീയ പ്രതിനിധികള്‍ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. വേണു ലോക കേരള സഭയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ചടങ്ങില്‍ ലോക കേരള സഭയുടെ സമീപനരേഖ മുഖ്യമന്ത്രി സമര്‍പ്പിക്കും. ഇന്ന് 8 വിഷയങ്ങളിൽ ചർച്ചകളും മേഖലാടിസ്ഥാനത്തിലുള്ള 8 സമ്മേളനങ്ങളും നടക്കും. നാളത്തെ ചർച്ചകൾ കൂടി കഴിഞ്ഞ് പ്രമേയം അവതരിപ്പിക്കും. നാളെ വൈകീട്ടാണ് സമാപനം നടക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K