09 June, 2024 01:25:10 PM


മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്; വിദേശനേതാക്കള്‍ പങ്കെടുക്കും



ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിഭവനിലെത്തി എൻഡിഎ നേതാക്കളുടെ പിന്തുണക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിനു കഴിഞ്ഞ ദിവസമാണ് കൈമാറിയത്. മോദിയെ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി ക്ഷണിച്ചു. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന് രാഷ്ട്രപതിഭവനിൽ വെച്ച് നടക്കും.

ഏകദേശം 45 മിനിറ്റോളം നീളുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മോദിക്ക് ശേഷം ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ വഹിക്കുന്ന ബിജെപി മന്ത്രിമാരായിരിക്കും സത്യപ്രതിജ്ഞ ചെയ്യുന്നത്. ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും. 


പുതിയ മന്ത്രിസഭയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് നാലും ജെഡിയുവിന് രണ്ടും മന്ത്രി സ്ഥാനങ്ങളും ലഭിക്കുമെന്നാണ് സൂചന. റാം മോഹന്‍ നായിഡു, ഹരീഷ് ബാലയോഗി, ദഗ്ഗുമല പ്രസാദ് എന്നിവരാണ് ടിഡിപിയിലെ മൂന്ന് പേര്‍. നാലാമന്‍ ആരെന്ന് വ്യക്തമായിട്ടില്ല. ലാലന്‍ സിംഗ്, റാം നാഥ് താക്കൂര്‍ എന്നിവരായിരിക്കും ജെഡിയു മന്ത്രിമാര്‍. സ്പീക്കര്‍ പദവി ബിജെപി വിട്ടുകൊടുക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K