09 June, 2024 01:20:23 PM


സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ; ജൂലായ് 31ന് അവസാനിക്കും



തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി നിലവിൽവരും. ജൂലായ് 31-നാണ് ട്രോളിങ് നിരോധനം അവസാനിക്കുക. തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. മീന്‍ സമ്പത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനുമാണ് ട്രോളിങ് നിരോധനം. നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്‌ നൽകി.

ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങും മുമ്പ് കേരളതീരം വിട്ടുപോകേണ്ടതാണ്. ജൂണ്‍ ഒമ്പതിന് വൈകീട്ട് ട്രോളിങ് ബോട്ടുകള്‍ കടലില്‍നിന്നു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കും.


നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധനസമയത്തും കടലിൽപ്പോകാം. നിരോധനകാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കൂ. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകൾ പ്രവര്‍ത്തിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K