08 June, 2024 02:39:17 PM


രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കും; സ്ഥാനാര്‍ഥി കേരളത്തില്‍ നിന്ന്



ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണ. ഉത്തരേന്ത്യയില്‍ പാര്‍ട്ടിക്കുണ്ടായ പുത്തന്‍ ഉണര്‍വ് ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ രാഹുലിന്റെ സാന്നിധ്യത്തിലൂടെ ആവുമെന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി വിലയിരുത്തി.


രാഹുല്‍ ഒഴിയുന്ന വയനാട് സീറ്റില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ച് അന്തിമ ധാരണയായിട്ടില്ല. പ്രിയങ്ക മത്സരിക്കില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. കേരളത്തില്‍നിന്നുള്ള ഒരു നേതാവിനെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നത്.

ബിജെപി ഉയര്‍ത്തിയ വിഭജന രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് തെരഞ്ഞെടുപ്പിലുണ്ടായതെന്ന് പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നിന്ന ഇന്ത്യാ മുന്നണി തുടര്‍ന്നും ഒരുമയോടെ മുന്നോട്ടു പോവണമെന്ന നിര്‍ദേശം എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നോട്ടുവച്ചു.

പുനരുജ്ജവനം ഉണ്ടായെങ്കില്‍ക്കൂടി ചില സംസ്ഥാനങ്ങളില്‍ പ്രതീക്ഷയ്ക്കും കഴിവിനും ഒപ്പം എത്തിയില്ലെന്ന ആത്മവിമര്‍ശനം കൂടി പാര്‍ട്ടി നടത്തേണ്ടതുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായ സംസ്ഥാനങ്ങളില്‍ ഇത്തവണ പ്രകടനം മെച്ചപ്പെട്ടില്ല. ഇതു പ്രത്യേകമായെടുത്ത് ചര്‍ച്ച ചെയ്യണമെന്ന് ഖാര്‍ഗെ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K