08 June, 2024 02:33:41 PM


വിയോജിക്കുന്നവരോടുള്ള അസഹിഷ്ണുത പിണറായിയുടെ ശൈലി- വി.മുരളീധരൻ



തിരുവനന്തപുരം: വിയോജിക്കുന്നവരോടുള്ള അസഹിഷ്ണുത പിണറായി വിജയൻ്റെ ശൈലി എന്ന് വി.മുരളീധരൻ. ഇടതുപക്ഷത്തെ വിമർശിച്ച ഗീവർഗീസ് മാർ കൂറിലോസിനെതിരായും കണ്ടത് ഈ സമീപനമാണ്. താമരശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ച മാനസിക നിലയിൽ നിന്ന് പിണറായി വിജയന് മാറ്റമില്ല.  

തൃശൂരിലെ ബിജെപിയുടെ വിജയത്തിൽ ക്രൈസ്തവ സമൂഹത്തിന് എതിരെ അധിക്ഷേപ പോസ്റ്റ് ഇട്ട നേതാവിനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് സിപിഎം പറയണം. സിപിഎം വക്താവ് ചമഞ്ഞ് നടക്കുന്ന ഇയാൾക്കെതിരെ വിദ്വേഷ പ്രചാരണത്തിന് കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ജനങ്ങളുടെ വിജയമാണ്. സംസ്ഥാന സർക്കാരിന്‍റെ പ്രോഗസ് കാർഡിൽ എല്ലാ വിഷയത്തിലും പൂജ്യമാണെന്ന് മുരളീധരൻ പരിഹസിച്ചു.  പറഞ്ഞതൊന്നും ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽത്തന്നെ വ്യക്തം.


രാജ്യത്തെ ഏറ്റവും കടബാധ്യതയുള്ള സംസ്ഥാനമാക്കി പിണറായി സർക്കാർ കേരളത്തെ മാറ്റി. അടിസ്ഥാന സൌകര്യവികസനത്തിൽ ഏറ്റവും പിന്നിലായി. 1600 രൂപ പെൻഷൻ കൊടുക്കാൻ ഇല്ലാത്തവർ വീണ്ടും കോടികൾ ധൂർത്തടിക്കുന്നതാണ് കണ്ടത്. അഹങ്കാരം കൊണ്ട് പിണറായി അന്ധനായിരിക്കുന്നു.. 
"മൂർത്തമായ സാഹചര്യത്തിൽ മൂർത്തമായി പ്രതികരിക്കണ"മെന്ന് പറയുന്ന എം.വി ഗോവിന്ദൻ അത് മുഖ്യമന്ത്രിക്ക് പറഞ്ഞുകൊടുക്കണമെന്നും വി.മുരളീധരൻ പരിഹസിച്ചു. ജനങ്ങൾ ഒപ്പം നിന്നെന്ന് പറയുന്ന പിണറായി, ജൂൺ നാലിന് വന്ന ജനവിധി കണ്ണു തുറന്ന് കാണണമെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K