08 June, 2024 10:07:42 AM


വളർത്തു മൃഗങ്ങൾക്കും കൊച്ചി വിമാനത്താവളം വഴി ഇനി വിദേശത്തേക്ക് പറക്കാം; ആദ്യം പറന്നത് ലൂക്ക



നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ വളർത്തുമൃഗങ്ങളെയും വിദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സൗകര്യം നിലവില്‍ വന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ലാസ അപ്‌സോ ഇനത്തില്‍പ്പെട്ട 'ലൂക്ക' എന്ന നായക്കുട്ടിയെയാണ് ആദ്യമായി കൊച്ചിയില്‍നിന്ന് ദോഹ വഴി ദുബായിയിലേക്ക് എത്തിച്ചത്. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് 'ലൂക്ക' കൊച്ചിയില്‍നിന്ന് യാത്ര ആരംഭിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ രാജേഷ് സുശീലന്‍-കവിത രാജേഷ് ദമ്പതിമാരുടെ ഓമനയാണ് ലൂക്ക. കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍നിന്ന് സിയാലിന് 'പെറ്റ് എക്‌സ്പോര്‍ട്ട്' അനുമതി ലഭിച്ചതോടെ ഈ സൗകര്യമുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാല്‍ മാറി.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷന്‍, പ്രത്യേക കാര്‍ഗോ വിഭാഗം, വെറ്ററിനറി ഡോക്ടര്‍മാര്‍, കസ്റ്റംസ് ക്ലിയറന്‍സ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടുവരുന്നവര്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവ സിയാല്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ആഭ്യന്തര റൂട്ടുകളില്‍ മൃഗങ്ങളെ കൊണ്ടുപോകാനും കൊണ്ടുവരാനുമുള്ള അനുമതി മാത്രമേ സിയാലിന് ഉണ്ടായിരുന്നുള്ളൂ.എന്നാലിപ്പോള്‍ എല്ലാ വിദേശ രാജ്യങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കൂടുകളിലൂടെ കാര്‍ഗോ വഴി കൊണ്ടുപോകാനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വിദേശത്തുനിന്ന് ഓമനമൃഗങ്ങളെ നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള അനുമതിക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനുവേണ്ടി പ്രത്യേകം 'അനിമല്‍ ക്വാറന്റൈന്‍' കേന്ദ്രം സ്ഥാപിച്ചു വരികയാണ്.


സസ്യങ്ങളും ഫലങ്ങളും കൊണ്ടുപോകാനും ഇറക്കുമതി ചെയ്യാനുമുള്ള അനുവാദം സിയാലിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതിനായുള്ള 'പ്ലാന്റ് ക്വാറന്റൈന്‍ സെന്റര്‍' കാര്‍ഗോ വിഭാഗത്തിനു സമീപമാണ് പ്രവര്‍ത്തിക്കുന്നത്. ഈ സൗകര്യങ്ങള്‍ ലഭ്യമാകുന്നതിന് കാര്‍ഗോ ഹാന്‍ഡ്ലിങ് ഏജന്‍സികളെയോ എയര്‍ലൈനുകളെയോ ആണ് ആദ്യം ബന്ധപ്പെടേണ്ടത്. ഇന്ത്യയിലെ മുന്‍നിര വിമാനത്താവളങ്ങളിലുള്ള എല്ലാ സൗകര്യങ്ങളും കൊച്ചി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്താനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. ഫുള്‍ ബോഡി സ്‌കാനറുകള്‍ പോലുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഉടന്‍ പ്രാവര്‍ത്തികമാകുമെന്നും സുഹാസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K