07 June, 2024 12:44:16 PM


കങ്കണയുടെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോ​ഗസ്ഥയ്ക്ക് സസ്പെൻഷൻ



ന്യൂ‍ഡൽഹി: ചണ്ഡീ​ഗഢ് എയർപോർട്ടിൽ വച്ച് ബിജെപി നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് സസ്പെൻഷൻ. കങ്കണ പരാതി നൽകിയതിനു പിന്നാലെയാണ് മുഖത്തടിച്ച സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെതിരെ നടപടി. ഉദ്യോ​ഗസ്ഥയ്ക്കെതിരെ ചണ്ഡീ​ഗഢ് പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവം നടന്നുവെന്ന ആരോപണമുണ്ടായതിനു പിന്നാലെ ഉദ്യോ​ഗസ്ഥയ്ക്കെതിരെ സിഐഎസ്എഫ് നടപടിയെടുത്തു. സിഐഎസ്എഫ് ആസ്ഥാനത്തു ഉന്നതതല യോ​ഗം ചേർന്നാണ് മൂന്ന് മണിക്കൂറിനുള്ളിൽ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിശദ​മായ അന്വേഷണം നടത്തുമെന്നു സിഐഎസ്എഫ് വ്യക്തമാക്കി. പിന്നാലെയാണ് പൊലീസ് കേസെടുത്തത്.


ഡ‍ൽഹി യാത്രക്കായി ചണ്ഡീഗഢ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കങ്കണ റണാവത്തിന് മർദനമേറ്റത്. എയർപോർട്ടിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ താരത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു. കർഷക സമരത്തെക്കുറിച്ച് കങ്കണ മുൻപ് നടത്തിയ പരാമർശമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. സംഭവത്തിനു പിന്നാലെ താൻ സുരക്ഷിതയാണെന്ന് വ്യക്തമാക്കിക്കൊണ്ട് കങ്കണ വിഡിയോ പങ്കുവച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡി മണ്ഡലത്തിൽ നിന്ന് വിജയിച്ച താരം ഡൽഹിയിലേക്ക് പോകുന്നതിനിടെയാണ് അക്രമണമുണ്ടായത്. വിമാനത്താവളത്തിൽ എത്തി സുരക്ഷാ പരിശോധന നടത്തുന്നതിനിടെ വനിത ഉദ്യോഗസ്ഥ താരത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു.

തന്നെ അക്രമിച്ചത് എന്തിനാണെന്ന് വനിത ഉദ്യോഗസ്ഥയോട് ചോദിച്ചപ്പോൾ താൻ കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നു എന്നാണ് അവർ പറഞ്ഞത് എന്നാണ് താരം വിഡിയോയിൽ വ്യക്തമാക്കിയത്. താൻ സുരക്ഷിതയാണെന്നും താരം കൂട്ടിച്ചേർത്തു. പഞ്ചാബിൽ വർധിച്ചു വരുന്ന തീവ്രവാദത്തിൽ തനിക്ക് ഞെട്ടലുണ്ടെന്നും ഇതിനെ എങ്ങനെയാണ് നേരിടാൻ പോകുന്നതെന്നും താരം ചോദിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K