05 June, 2024 08:43:51 AM


കേരള കോൺഗ്രസ് ജോസഫ് വിഭാഗത്ത് വീണ്ടും സംസ്ഥാന പാർട്ടി പദവി ലഭിച്ചേക്കും



കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വിജയത്തോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന പാർട്ടിയായി മാറും. സ്വന്തമായി ചിഹ്‌നവും ലഭിച്ചേക്കും. കേരള കോൺഗ്രസുകളുടെ തട്ടകമായ കോട്ടയത്ത് ജോസഫ് ഇതോടെ വീണ്ടും ശക്തിയായി മാറുകയാണ്. 2010 ൽ മാണി ഗ്രൂപ്പിൽ ലയിച്ചതു മൂലം നഷ്ടമായ രാഷ്ട്രീയ അസ്തിത്വവും ഇതോടെ തിരികെ കിട്ടും.

ലയന സമയത്ത് ജോസഫ് ഗ്രൂപ്പ് സംസ്ഥാന പാർട്ടിയായിരുന്നു. 2019 ൽ മാണി ഗ്രൂപ്പുമായി വഴിപിരിയുമ്പോൾ സംസ്‌ഥാന പാർട്ടി പദവിയും സ്വന്തമായുള്ള ചിഹ്നവും നഷ്ടമായ അവസ്‌ഥ ഉണ്ടായി. പിളർപ്പിനു പിന്നാലെ നടന്ന 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം മൂലം സംസ്ഥാന പാർട്ടി പദവി ലഭിച്ചില്ല. അന്ന് ജയിച്ചത് 2 സീറ്റിൽ മാത്രം. 4 സീറ്റ് ലഭിച്ചിരുന്നെങ്കിൽ സംസ്‌ഥാന പാർട്ടി പദവി ലഭിക്കുമായിരുന്നു.


2010 ലെ ലയന സമയത്ത് സൈക്കിളായിരുന്നു പാർട്ടിയുടെ ചിഹ്നം. സംസ്ഥാന പാർട്ടി പദവി ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടു വയ്ക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലുമൊന്നു നേടിയാൽ മതി. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റെങ്കിലും ലഭിക്കണം. അല്ലെങ്കിൽ ലോക്സഭാ തിരഞ്ഞെപ്പിൽ ഒരു സീറ്റെങ്കിലും ജയിക്കണം. ജോസ് കെ.മാണി വിഭാഗത്തിനു നിലവിലെ നിയമസഭയിൽ 5 അംഗങ്ങളുള്ളതിനാൽ കോട്ടയത്തെ പരാജയം മൂലം അവരുടെ സംസ്ഥാന പാർട്ടി പദവിക്ക് കോട്ടം തട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K