03 June, 2024 10:06:22 AM
390 കോടി പിഴ ചുമത്തി, കിട്ടിയത് 71.18 കോടി; എ.ഐ. ക്യാമറയ്ക്ക് ഒരുവയസ്സ്
തിരുവനന്തപുരം: ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എ.ഐ. ക്യാമറകൾക്ക് ഒരുവയസ്സ്. ഇതുവരെ പിഴയായി ഖജനാവിലെത്തിയത് 71.18 കോടിരൂപമാത്രം. 59.58 ലക്ഷം കേസുകളിലായി 390 കോടിരൂപ പിഴയിട്ടെങ്കിലും അഞ്ചിലൊന്നുപോലും സർക്കാരിന് കിട്ടിയിട്ടില്ലെന്ന് ചുരുക്കം. 25 ലക്ഷം കേസുകളാണ് പ്രതീക്ഷിച്ചത്. പിഴ നോട്ടീസ് വിതരണംനിർത്തിയതാണ് വരുമാനത്തെ ബാധിച്ചത്. പിടിക്കപ്പെട്ടതിൽ 25 ലക്ഷംപേർക്കുമാത്രമാണ് നോട്ടീസ് നൽകിയത്. കരാർ കാലാവധി കഴിഞ്ഞതോടെ നോട്ടീസ് അയക്കുന്നത് കെൽട്രോൺ നിർത്തി.
നോട്ടീസ് നൽകുമ്പോൾ പിഴയുടെ 25 ശതമാനം അടയ്ക്കപ്പെടുന്നുണ്ട്. എസ്.എം.എസ്. മാത്രമാകുമ്പോൾ എട്ടുശതമാനമായി പിഴയടയ്ക്കുന്നത് കുറയും. 25 ലക്ഷംപേർക്കുകൂടി നോട്ടീസ് അയച്ചാൽ കുറഞ്ഞത് 70 കോടിരൂപകൂടി ഖജനാവിലെത്തുമെന്നാണ് നിഗമനം. പദ്ധതി വിഭാവനംചെയ്യുമ്പോൾ വർഷം 120 കോടിരൂപ പിഴ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കെൽട്രോണിന്റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയിൽ 230 കോടിരൂപയായിരുന്നു ചെലവ്. 11.7 കോടിരൂപവീതം 20 തവണകളായി കെൽട്രോണിന് തുക കൈമാറാനാണ് തീരുമാനിച്ചിരുന്നത്. ഉപകരാറുകളിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചതോടെ കെൽട്രോണിനുള്ള പ്രതിഫലം തടഞ്ഞു. കോടതി അനുമതിയോടെ രണ്ടുതവണയായി 20 കോടിരൂപ കൈമാറി.