27 May, 2024 08:00:11 PM
ബാറിലെത്തി മദ്യം ആവശ്യപ്പെട്ടു, നൽകിയില്ല; ഡിജെയെ യുവാവ് വെടിവച്ച് കൊന്നു
പറ്റ്ന: ബാർ ജീവനക്കാർ മദ്യം നൽകാൻ വിസമ്മതിച്ചതോടെ യുവാവ് ഡിജെയെ വെടിവച്ച് കൊന്നു. ജാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. ഷോർട്ട്‌സ് മാത്രം ധരിച്ചെത്തി ടീ ഷർട്ട് കൊണ്ട് മുഖം മറച്ചയാള്‍ പോയിന്‍റ് ബ്ലാങ്കിൽ വെടിവെയ്ക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.
ഇന്നലെയാണ് സംഭവം. ബാർ പൂട്ടിയ ശേഷം പുലർച്ചെ ഒരു മണിയോടെയാണ് നാല് പേരടങ്ങിയ സംഘമെത്തി മദ്യം ആവശ്യപ്പെട്ടത്. ബാർ പൂട്ടിയെന്നും മദ്യം നൽകാനാവില്ലെന്നും ജീവനക്കാർ വ്യക്തമാക്കി. ഇതോടെ സംഘം ബാർ ജീവനക്കാരോട് തർക്കം തുടങ്ങി. തർക്കത്തിനിടെ സംഘത്തിലെ ഒരാൾ റൈഫിൾ കൊണ്ടുവന്ന് ഡിജെയുടെ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ചന്ദൻ സിൻഹ പറഞ്ഞു.
വെടിവച്ച ശേഷം പ്രതി സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ഡിജെയെ ഉടനെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. റാഞ്ചി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാവിലെയെത്തി തെളിവുകള്‍ ശേഖരിച്ചു. ബാർ ജീവനക്കാരുടെ മൊഴി എടുത്തു. വെടിവച്ചയാളെയും കൂട്ടാളികളെയും തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.