26 May, 2024 09:46:02 AM
ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം; 6 നവജാത ശിശുക്കൾ വെന്തു മരിച്ചു

ഡൽഹി: ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ മരിച്ചു. 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം 6 പേർ വെൻറിലേറ്ററിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ഡൽഹിയിലെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്. രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി. 16 അഗ്നിശമന സംഘങ്ങൾ ചേർന്നാണ് പുലർച്ചയോടെ തീയണച്ചത്. 2.30 ഓടെയാണ് തീപിടുത്തം ഉണ്ടായെന്ന വിവരം ലഭിച്ചതെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.
നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിച്ചുവെന്ന് പരിക്കേറ്റ സമീപവാസി ആരോപിച്ചു. പല തവണ പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ല. അനധികൃതമായാണ് സംവിധാനം പ്രവർത്തിച്ചിരുന്നത്. പൊട്ടിത്തെറി ഉണ്ടായത് ഓക്സിജൻ റീഫില്ലിങ് മുറിയിൽ നിന്നാണെന്നും ഇദ്ദേഹം ആരോപിച്ചു. അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്സാക്ഷികൾ പറയുന്നത്. നവജാത ശിശുക്കളുടെ ആശുപത്രിക്ക് പുറമെ രണ്ട് കെട്ടിടങ്ങളിലും തീ പടർന്നു കയറി. ഒരു വാനും ബൈക്കും പൂർണമായും കത്തി നശിച്ചു. രാത്രി 11.45 ഓടെയാണ് തീപിടിത്തം ഉണ്ടായത്. ഒരു കുട്ടി തീപിടുത്തതിന് മുൻപാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. 6 കുട്ടികൾ തീപിടുത്തത്തിൽ മരിച്ചു. 5 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നും പോലീസ് അറിയിച്ചു.