25 May, 2024 09:10:41 AM


ജലനിരപ്പ് ഉയര്‍ന്നു; കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു, തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശംതൊടുപുഴ: വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനാല്‍ കല്ലാർകുട്ടി, പാംബ്ല ഡാമുകള്‍ തുറന്നു. രാവിലെ ആറ് മണിക്ക് ശേഷം തുറക്കാനാണ് ജില്ലാ കളക്ടർ അനുമതി നല്‍കി. കല്ലാർകുട്ടി ഡാമില്‍ നിന്നും സെക്കൻഡില്‍ 300 ഘന അടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. പാംമ്ബ്ല ഡാമില്‍ നിന്നും സെക്കൻഡില്‍ 600 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടും. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദ്ദേശം നല്‍കി.

അതേസമയം, സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇന്നും മഴ ശക്തമാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാദ്ധ്യത ഉണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി. മലയോരമേഖലകളിലും ജാഗ്രത തുടരണം. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി മഴ ശക്തമാകും.

ഇടിമിന്നല്‍ ജാഗ്രത നിർദേശം

ഇടിമിന്നല്‍ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു. മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കണം. അതിനാല്‍ പ്രഥമ ശുശ്രൂഷ നല്‍കാൻ മടിക്കരുത്. മിന്നലേറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിമിഷങ്ങളാണ്.

ഇവ ശ്രദ്ധിക്കണം

 ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടാല്‍ ഉടനെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്.

 ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്.

 ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

 ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കരുത്. മൊബൈല്‍ ഫോണ്‍ ഉപയോഗം പ്രശ്നമില്ല.

 വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാർക്ക് ചെയ്യരുത്.

 മിന്നലുള്ളപ്പോള്‍ വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടരുത്. സൈക്കിള്‍, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കുക.

 തുണികള്‍ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്.

 ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

 വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.

 അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേർത്തുവച്ച്‌ തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക

 കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകം സ്ഥാപിക്കാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K