22 May, 2024 12:26:50 PM
മാസപ്പടി കേസ്: ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള സിഎംആര്‍എല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തിലെ ഇ ഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി എസ്എന്‍ ശശിധരന്‍ കര്‍ത്തയും ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ശശിധരന്‍ കര്‍ത്തയുടെ ആവശ്യം. സീനിയര്‍ ഓഫീസര്‍ അഞ്ജു എം കുരുവിളയെ രാത്രി മുഴുവന്‍ തടഞ്ഞുവെച്ചത് നിയമ വിരുദ്ധമാണ് എന്നാണ് സിഎംആര്‍എലിന്റെ മറ്റൊരു വാദം.
സിഎംആര്‍എല്‍ എംഡിയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ ഇഡി ഇന്ന് കോടതിയെ ഹജരാക്കും. സീനിയര്‍ ഓഫീസര്‍ അഞ്ജു എം കുരുവിളയെ രാത്രി തടഞ്ഞുവെച്ച് ചോദ്യം ചെയ്തതിലും ഇഡി ഇന്ന് വിശദീകരണം നല്‍കിയേക്കും. ഇഡിയുടെ രണ്ടാം സമന്‍സ് ചോദ്യം ചെയ്ത് എംഡി ശശിധരന്‍ കര്‍ത്തയും 24മണിക്കൂറിലധികം തടഞ്ഞുവെച്ചത് നിയമ വിരുദ്ധമാണെന്ന് കാട്ടി മൂന്ന് ഉദ്യോഗസ്ഥരും നേരത്തെ ഹര്‍ജി നൽകിയിരുന്നു.
സിഎംആര്‍എല്ലും എക്‌സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. എക്‌സാലോജിക്കിന് സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി ലഭിച്ചു എന്ന കണ്ടെത്തലായിരുന്നു കേസിന്റെ തുടക്കം. ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നല്‍കിയത് എന്നാണു വാദം. എന്നാല്‍ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് പണം നല്‍കിയത് എന്ന പരാതികളെ തുടര്‍ന്ന് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് ഇഡിയും കേസില്‍ അന്വേഷണം ആരംഭിച്ചത്.