04 May, 2024 09:07:55 AM


വീട്ടമ്മയെയും വികലാംഗനായ മകനെയും ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ



 പള്ളിക്കത്തോട്: വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് കല്ലാടുംപൊയ്ക ഭാഗത്ത് നാലാനിക്കൽ വീട്ടിൽ സുധീഷ് റ്റി.എൻ (29), കുറുമള്ളൂർ വെള്ളാപ്പള്ളിക്കുന്ന് ഭാഗത്ത് കോതവടംചിറയിൽ വീട്ടിൽ ( ആനിക്കാട് പൊങ്ങനാക്കുന്ന് ഭാഗത്ത് ഇപ്പോൾ താമസം) കണ്ണൻ എന്നു വിളിക്കുന്ന ഷിബിൻ കെ.ബാബു (29) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഏപ്രിൽ 27ആം തീയതി രാത്രി   10:30 മണിയോടുകൂടി ആനിക്കാട് സ്വദേശിനിയായ വീട്ടമ്മയെ വീട്ടമ്മ പുതിയതായി പണിയുന്ന വീടിന്റെ സമീപം വച്ച്  ചീത്ത വിളിക്കുകയും, അടിക്കുകയും ഇത് തടയാൻ ശ്രമിച്ച വികലാംഗനായ മകനെ മർദ്ദിക്കുകയും അവിടെ കിടന്നിരുന്ന ചുടുകട്ട എടുത്ത് ഇടിക്കുകയുമായിരുന്നു. കൂടാതെ ഇയാളുടെ കയ്യിൽ ഇരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു പൊട്ടിക്കുകയും ,ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സുധീഷും ഷിബിനും ചേർന്ന് വീട്ടമ്മ  പുതിയതായി പണിയുന്ന വീടിന്റെ മതിലിലിരുന്ന് മദ്യപിച്ചത് വീട്ടമ്മ ചോദ്യം ചെയ്തിരുന്നു.  ഇതിലുള്ള വിരോധം മൂലമാണ് ഇവർ വീട്ടമ്മയെയും മകനെയും ആക്രമിച്ചത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ മനോജ് കെ.എൻ, എസ്.ഐ രമേശൻ പി. എ, സി.പി.ഓ സുജീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K