09 March, 2024 11:10:24 AM
കെപിസിസി അധ്യക്ഷന്‍റെ താത്ക്കാലിക ചുമതല എം.എം. ഹസന്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍റെ താത്ക്കാലിക ചുമതല എം.എം ഹസന് നൽകി. നിലവിലെ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ് എം.എം ഹസന് താൽക്കാലിക ചുമതല നൽകിയത്. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തേക്കു മാത്രമാണ് ചുമതല. നിലവിൽ യുഡിഎഫ് കൺവീനറാണ് എം.എം. ഹസൻ.
കേരളത്തിലെ 16 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിസ ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ, കണ്ണൂരിൽ കെ. സുധാകരൻ, വടകരയിൽ ഷാഫി പറമ്പിൽ, തൃശൂരിൽ കെ. മുരളീധരൻ തുടങ്ങിയവരാണ് മത്സരത്തിനിറങ്ങുക.
തൃശൂരിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വൻ ട്വിസ്റ്റാണ് ഉണ്ടായത്. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതോടെ വടകര സിറ്റിങ് എംപിയായ കെ. മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതോടെ തൃശൂരിൽ പ്രചരണങ്ങളാരംഭിച്ച ടി.എൻ പ്രതാപന് ലോക്സഭാ സീറ്റ് നഷ്ടമായി. പ്രതാപനം നിയമസഭാ സീറ്റ് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.