15 February, 2024 08:46:25 PM
മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; കറുകച്ചാലിൽ യുവാവ് അറസ്റ്റിൽ
കറുകച്ചാൽ : ഗുണ്ടാ പിരിവ് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ പ്ലാക്കൽപ്പടി ഭാഗത്ത് തകടിയേൽ വീട്ടിൽ അബിൻ റ്റി.എസ് (24) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കങ്ങഴ സ്വദേശിയായ മധ്യവയസ്കനെ ഇന്നലെ വൈകിട്ട് 9 മണിയോടുകൂടി പ്ലാക്കൽ പടി കവല ഭാഗത്ത് വച്ച് ചീത്ത വിളിക്കുകയും കഴുത്തിൽ വടിവാൾ വെച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മധ്യവയസ്കന്‍ നിയമപരമായി പൂഴിമണ്ണ് ലോറിയിൽ കയറ്റി കൊണ്ടുപോകുന്നതിന് സ്ഥലത്തെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്ക് പടി നൽകണമെന്ന് പറഞ്ഞ് മധ്യവയസ്കന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് മധ്യവയസ്കൻ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇയാൾ കൈയിൽ വടിവാളുമായി എത്തി മധ്യവയസ്കനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് കറുകച്ചാൽ, പീരിമേട്, മുണ്ടക്കയം, മണിമല,കണ്ണൂർ ടൗൺ എന്നീ സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ സുനിൽ.ജി, സാജു ലാൽ, സി.പി.ഓ മാരായ സന്തോഷ് കുമാർ, രതീഷ്, സിജു, സുനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.