12 February, 2024 04:01:15 PM


തൃപ്പൂണിത്തുറ സ്‌ഫോടനം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍



കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്ടറും എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. നഗര മധ്യത്തില്‍ അനധിക്യതമായി പടക്കം സംഭരിച്ചെന്നാണ് ആരോപണം.

തൃപ്പൂണിത്തുറയില്‍ ഇന്ന് രാവിലെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും പതിനാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നാല് പേരുടെ നില ഗുരുതരമാണ്. ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇതെന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചേക്കാമെന്നാണ് ആശങ്ക. 25 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. ഇതില്‍ നാല് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. മൂന്ന്, നാല് കിലോമീറ്റര്‍ ദൂരം ഭൂകമ്പസമാനമായ പ്രകമ്പനമുണ്ടായതായാണ് ലഭിക്കുന്ന വിവരം.

തൃപ്പൂണിത്തുറയിലെ പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതില്‍ പടക്കം ശേഖരിച്ചിരുന്നു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘവും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തില്‍ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തില്‍ നിന്നുണ്ടായ സ്പാര്‍ക്കില്‍ പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K