03 February, 2024 10:00:20 AM


തണ്ണീര്‍ കൊമ്പൻ ചരിഞ്ഞ വാര്‍ത്ത നടുക്കമുണ്ടാക്കി- എകെ ശശീന്ദ്രൻ



കൽപ്പറ്റ: തണ്ണീര്‍ കൊമ്പൻ ചരിഞ്ഞുവെന്ന വാര്‍ത്ത നടുക്കമുണ്ടാക്കിയെന്നും അഞ്ചംഗ ഉന്നത സമിതി സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

വിദഗ്ധ പരിശോധന നടത്തുന്നതിന് മുമ്പെ ആന ചരിഞ്ഞു. മയക്കുവെടിയുടെ ഡോസ് സംബന്ധിച്ച കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ മാത്രമെ വ്യക്തമാകുകയുള്ളു. കേരളത്തിലെയും കര്‍ണാടകയിലെയും വെറ്ററിനറി ടീം സംയുക്തമായിട്ടായിരിക്കും ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോര്‍ട്ടം നടത്തുക.വിദഗ്ധ പരിശോധനയ്ക്കുശേഷം കാട്ടിലേക്ക് അയച്ചാല്‍ മതിയെന്നായിരുന്നു ഇന്നലെ രാത്രി തീരുമാനിച്ചിരുന്നത്. ഇന്ന് രാവിലെ പരിശോധന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആന ചരിഞ്ഞുവെന്നാണ് അധികൃതര്‍ അറിയിച്ചത്.

ഈ ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ പറയുന്നത് ഉചിതമല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാരണങ്ങള്‍ വ്യക്തമാകുകയുള്ളു. മയക്കുവെടിയുടെ സൂചി കൊണ്ടത് പോലും മാധ്യമങ്ങള്‍ നേരിട്ട് കണ്ടതാണ്. അത്രയും സുതാര്യമായാണ് ദൗത്യം നടന്നത്. ഇനിയുള്ള തുടര്‍നടപടികളും സുതാര്യമാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റെന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്നും വനംമന്ത്രി പറഞ്ഞു. ആനയെ കൈമാറുന്നത് വരെ പ്രശ്നം ഉണ്ടായിരുന്നില്ലെന്നും ബാഹ്യമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടിരുന്നില്ലെന്നുമാണ് വനംവകുപ്പ് അധികൃതരും പറയുന്നത്. മയക്കുവെടി ഏറ്റാല്‍ ഉള്ള പതിവ് ക്ഷീണം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അധികൃതര്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K