25 January, 2024 07:10:30 PM


യുവാവിന്‍റെ കാർ പണയം വച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ



 പള്ളിക്കത്തോട്: യുവാവിന്‍റെ കാർ പണയം വച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ അഴീക്കോട് ഭാഗത്ത് തോട്ടുങ്കൽ വീട്ടിൽ അബ്ദുള്‍ റഷീൻ (24),  വയനാട് സുൽത്താൻബത്തേരി മഞ്ഞപ്പാറ  ഭാഗത്ത്  മുണ്ടയിൽ വീട്ടിൽ അക്ഷയ് പീറ്റർ (24) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ആനിക്കാട് സ്വദേശിയായ യുവാവിന്‍റെ മാരുതി സ്വിഫ്റ്റ് ഡിസയർ കാർ മറ്റൊരാളിൽ നിന്നും പതിനായിരം രൂപയ്ക്ക് ഈട് വാങ്ങിയ ശേഷം, 80,000 രൂപയ്ക്ക് ഉടമസ്ഥൻ അറിയാതെ വേറൊരാൾക്ക് പണയപ്പെടുത്തുകയായിരുന്നു. 2022 ഡിസംബർ മാസം കാറിന്റെ ഉടമയായ യുവാവിൽ നിന്നും   ഇയാളുടെ സുഹൃത്ത് തന്റെ പിതാവിനെ തമിഴ്നാട്ടിലെ  ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെന്നുപറഞ്ഞ്  കാർ വാങ്ങിച്ചുകൊണ്ടുപോയി തിരികെ നൽകാതെ കബളിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ വാഹനം പലരിലേക്കായി കൈമറിഞ്ഞു പോവുകയായിരുന്നു. 

യുവാവിന്റെ പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കാർ ഇവരുടെ കൈവശം വന്നതായും, തുടർന്ന് ഇവർ മറ്റൊരാൾക്ക് മറിച്ചു വിൽപ്പന നടത്തിയതായും കണ്ടെത്തിയതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ റെയ്നോൾഡ് ബീ. ഫെർണാണ്ടസ്, എ. എസ്. ഐ റെജി ജോൺ, സി.പി.ഓ മാരായ രാഹുൽ ആർ നായർ, ശ്രീജിത്ത് സോമൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K