16 September, 2016 06:35:47 PM


സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു



ചെന്നൈ: സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിക്കും വേര്‍പിരിയാന്‍ ചെന്നൈ കുടുംബ കോടതി അനുമതി നല്‍കി. കുടുംബകോടതിയില്‍ ഹാജരായ ഇരുവരും വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പുവച്ചു. ലിസി പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇതു സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായത്.


തന്റെയും പ്രിയദര്‍ശന്റെയും വിവാഹജീവിതം ഔദ്യോഗികമായി അവസാനിച്ചിരിക്കുന്നു. അടുത്ത കാലത്ത് നടന്ന മറ്റു വിവാഹ മോചനങ്ങളെപ്പോലെ പരസ്പര ധാരണയോടും ബഹുമാനത്തോടും കൂടിയല്ല തങ്ങള്‍ വേര്‍പിരിഞ്ഞത്. ഹൃത്വിക് റോഷന്‍- സൂസണ്‍, മഞ്ജു- ദിലീപ്, അമല- വിജയ് തുടങ്ങിയവരെല്ലാം വേര്‍പിരിഞ്ഞപ്പോഴും പരസ്പരം ബഹുമാനം കാത്തു സൂക്ഷിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ കോടതിക്ക് അകത്തും പുറത്തും ബഹളമായിരുന്നു- ലിസി പറയുന്നു.


വിവാഹമോചനം പോലും ഇത്രയും പ്രശ്നം നിറഞ്ഞതായിരുന്നുവെങ്കില്‍ ഞങ്ങളുടെ ദാമ്പത്യ ജീവിതം എത്രത്തോളം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. എല്ലാം അവസാനിച്ചതില്‍ അതിയായ ആശ്വാസം ഉണ്ട്. ധാരാളം വെല്ലുവിളികള്‍ നിറഞ്ഞ ഒരു യാത്രയുടെ അവസാനമാണിത്. ഇനിയും ജീവിതത്തില്‍ ഒരുപാട് മുന്‍പോട്ട് പോകാനുണ്ട്- ലിസി കൂട്ടിച്ചേര്‍ത്തു.


1990 ല്‍ വിവാഹിതരായ ലിസിയും പ്രിയദര്‍ശനും 2014ലാണ് വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ സുഹൃത്തുക്കള്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K