11 January, 2024 01:17:38 PM


മന്ത്രി ഇടപെട്ടു; ആത്മഹത്യ ചെയ്ത കർഷകന്‍റെ കുടുംബത്തിന് നൽകിയ ജപ്തി നോട്ടീസ് മരവിപ്പിച്ചു



ആലപ്പുഴ: നെല്ലിൻ്റെ പ്രതിഫലം ലഭിക്കാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത കർഷകന്‍റെ കുടുംബത്തിന് നൽകിയ ജപ്തി നോട്ടീസ് മരവിപ്പിച്ചു. മന്ത്രി കെ രാധാകൃഷ്‌ണനാണ് ഇക്കാര്യം അറിയിച്ചത്. എസ് സി എസ്ടി വികസന കോർപറേഷൻ നൽകിയ വായ്പ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാനും മന്ത്രി നിർദേശം നൽകി. കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടീസയച്ചതിൽ കോർപറേഷൻ എംഡിയോട് മന്ത്രി അടിയന്തിര റിപ്പോർട്ട് തേടിയിരുന്നു.

അലപ്പുഴയില്‍ ജീവനൊടുക്കിയ തകഴി കുന്നുമ്മ സ്വദേശി കെ ജി പ്രസാദിൻ്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. പ്രസാദിൻ്റെ ഭാര്യ ഓമനയുടെ പേരിലാണ് പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ നിന്ന് ജപ്തി നോട്ടീസ് വന്നത്. 

കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു. നവംബർ 14 ന് കോർപ്പറേഷനിറക്കിയ നോട്ടീസ് രണ്ട് ദിവസം മുൻപാണ് കുടുംബത്തിന് ലഭിച്ചത്. 2022 ആഗസ്റ്റ് 27 നാണ് 60,000 രൂപ സ്വയം തൊഴിൽ വായ്പയായി ഇവർ ലോൺ എടുത്തത്. 15,000 രൂപയോളം ഇതിനകം തിരിച്ചടച്ചു.11 മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം നവംബറിലാണ് തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് സർക്കാരിനെതിരെ ആരോപണമുന്നയിച്ച് കുറിപ്പെഴുതിയ ശേഷം ജീവനൊടുക്കിയത്. നെല്ല് സംഭരിച്ചതിന്റെ വിലയായി കിട്ടിയ പിആർഎസ് വായ്പ സർക്കാർ തിരിച്ചടയ്ക്കാത്തതിനാൽ മറ്റ് വായ്പകൾ കിട്ടിയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. 

ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പായിരുന്നു പ്രസാദ് പാടത്ത് വിത്തിറക്കിയത്. വളത്തിനും പറിച്ചുനടിലിനുമായി ബാങ്കില്‍ വായ്പയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സിബില്‍ സ്‌കോര്‍ കുറവാണെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ വായ്പ നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രസാദ് ജീവനൊടുക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K