09 January, 2024 01:02:48 PM


ദുരഭിമാനക്കൊല: തമിഴ്‌നാട്ടില്‍ 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു



ചെന്നൈ: തമിഴ്‌നാട്ടില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ച 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. സംഭവവുമായി അച്ഛനുള്‍പ്പടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ കാലം മുതലേ പട്ടുകോട്ട സ്വദേശിയായ ഐശ്വര്യയും സമീപപ്രദേശത്തെ നവീനും തമ്മില്‍ പ്രണയത്തിലാണ്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമയുളള നവീന്‍ തിരുപ്പൂരിലെ വസ്ത്രനിര്‍മാണക്കമ്പനിയിലെ ജോലിക്കാരനാണ്.

ഡിസംബര്‍ 31ന് ഇവര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വിവാഹിതരായി. ഇവര്‍ തിരുപ്പൂരിന് സമീപം വീരുപാണ്ടിയില്‍ വീട് വാടകയ്ക്ക് എടുത്ത് താമസവും ആരംഭിച്ചു. എന്നാൽ ജനുവരി രണ്ടിന് മകളെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പെരുമാള്‍ തഞ്ചാവൂര്‍ പല്ലടം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്ത പൊലീസ്‌ ഐശ്വര്യയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും അച്ഛനൊപ്പം പറഞ്ഞയക്കുകയും ചെയ്തു. ഈ സമയം നവീന്‍ പൊലീസിനെ സമീപിച്ചപ്പോള്‍ തന്നെ വിരട്ടുകയും മാറ്റി നിര്‍ത്തിയതായും യുവാവ് പറയുന്നു.

അടുത്ത ദിവസം പിതാവ് ഐശ്വര്യയെ മര്‍ദിച്ച് കൊലപ്പെടുത്തിയതായും മൃതദേഹം കത്തിച്ചുകളഞ്ഞതായും സുഹൃത്തുക്കള്‍ നവീനെ അറിയിച്ചു. തുടര്‍ന്ന് നവീന്‍ വട്ടത്തിക്കോട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഐശ്വര്യയെ പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുക്കൊന്നതായി കണ്ടെത്തിയത്. 5 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, ജാതിക്കൊലയ്ക്ക് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K