29 December, 2023 06:14:19 PM
സർക്കാർ ഭൂമി പതിച്ചു നൽകി; മുൻ തഹസീൽദാറിന് 4 വർഷം കഠിന തടവ്
മൂവാറ്റുപുഴ: ഇടുക്കി ജില്ലയിലെ ദേവികുളം തഹസീൽദാറായിരുന്ന രാമൻകുട്ടിയെ സർക്കാർ ഭൂമി പതിച്ചു നൽകിയ കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി നാല് വർഷം കഠിന തടവും 30000 രൂപ പിഴയും വിധിച്ചു.
2001-2002 കാലഘട്ടത്തിൽ ദേവികുളം തഹസീൽദാറായിരുന്ന രാമൻകുട്ടി കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ പെട്ട സർക്കാർ വക 36 സെന്‍റ് ഭൂമി രണ്ട് സ്വകാര്യ വ്യക്തികളുടെ പേരിൽ പട്ടയം പിടിച്ച് നൽകി. സർക്കാരിന് നഷ്ടം ഉണ്ടാക്കിയതിന് ഇടുക്കി വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം നൽകിയ കേസിലാണ് ഒന്നാം പ്രതി രാമൻകുട്ടിക്ക് ശിക്ഷ വിധിച്ചത്.
ഇടുക്കി വിജിലൻസ് മുൻ. ഡി. വൈ.എസ്. പി. ജോസഫ് രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി വിജിലൻസ് മുൻ ഇൻസ്‌പെക്ടർമാരായിരുന്ന വി വിജയൻ, മുഹമ്മദ് കബീർ റാവുത്തർ, എ. സി ജോസഫ്, അലക്സ് എം വർക്കി എന്നിവർ അന്വേഷണം നടത്തുകയും ഇടുക്കി വിജിലൻസ് മുൻ ഡി. വൈ. എസ്. പി. പി റ്റി. കൃഷ്ണൻകുട്ടി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ രാമൻകുട്ടി കുറ്റക്കാരനെന്ന് മുവാറ്റുപുഴ വിജിലൻസ് കോടതി കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിൽ അടച്ചു.