26 December, 2023 09:54:45 AM
സ്വകാര്യ വാഹനങ്ങളിൽ കേരള സർക്കാർ നമ്പർ പ്ലേറ്റ്; ശക്തമായ നടപടിക്കൊരുങ്ങി എംവിഡി
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് നിരവധി വാഹനങ്ങൾ നിരത്തിലൂടെ ഓടുന്നുണ്ട്. ഇതിനെതിരെ മോട്ടോർ വാഹന വകുപ്പ് കടുത്ത ശിക്ഷാ നടപടിയിലേക്ക് കടക്കാനുളള ഒരുക്കത്തിലാണ്. നിയമം തെറ്റിച്ച് ബോർഡ് വയ്ക്കുന്നവരുടെ ലിസ്റ്റ് എംവിഡി തയ്യാറാക്കിയിട്ടുണ്ട്. ഔദ്യോഗികാവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളിൽ നിയമപ്രകാരമല്ലാതെ വാഹനങ്ങളിൽ ഉപയോഗിക്കാൻ സാധിക്കില്ല.
ബാങ്കിലെയും ഇന്‍ഷുറന്‍സ് ഓഫീസിലെയും ഉദ്യോഗസ്ഥരും 'കേരള സ്റ്റേറ്റ്', 'ഗവണ്‍മെന്റ് ഓഫ് ഇന്ത്യ' എന്നീ ബോര്‍ഡുകളും വാഹനത്തില്‍ പതിപ്പിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ടാക്‌സികള്‍ വാടകയ്ക്ക് വിളിച്ചും ഇത്തരം തട്ടിപ്പ് നടത്തുന്നത് വര്‍ധിച്ചുവരുന്നുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് എറണാകുളം ആര്‍.ടി.ഒ. അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള രണ്ട് വാഹനങ്ങള്‍ പിടികൂടിയിരുന്നു.
കെ.എല്‍. 90 സീരിസിൽ എ മുതല്‍ ഡി വരെയുള്ള വിഭാഗങ്ങളാണ് പുതിയതായി നിലവിൽ വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് നൽകിയിരിക്കുന്നത് എ സീരിസിലായിരിക്കും. കെ.എല്‍.-90-ബി കേന്ദ്രസര്‍ക്കാരിനും സി സീരിസ് തദ്ദേശസ്ഥാപനങ്ങള്‍ക്കുമായിട്ട് നല്‍കാനാണ് ഉത്തരവായിരിക്കുന്നത്. ബാക്കിയുളള മറ്റു പൊതുമേഖലാ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഡി സീരിസിലായിരിക്കും രജിസ്ട്രേഷന്‍ നൽകുക.
അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിന് താഴെയുള്ള ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (IAS) ഉദ്ദ്യോഗസ്ഥർക്ക് 'ഗവൺമെന്റ് ഓഫ് കേരള' എന്ന ബോർഡുകൾ പ്രദർശിപ്പിക്കാമെന്നും എംവിഡി നൽകിയ നിർദേശത്തിൽ പറഞ്ഞിരുന്നു. നിലവിൽ, സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരും അതിനു താഴെയുള്ളവരും തങ്ങളുടെ വാഹനങ്ങളിൽ 'കേരള സ്റ്റേറ്റ്' എന്ന ബോർഡാണ് ഉപയോഗിക്കുന്നത്. സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം ഗുരുതരമായ സാമ്പത്തിക, സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആയതിനാൽ സർക്കാർ വാഹനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന 'കേരള സ്റ്റേറ്റ്' ബോർഡുകളുടെ ഉപയോഗം നിയന്ത്രിച്ചും രജിസ്ട്രേഷൻ നമ്പറുകൾക്കായി ഒരു യൂണിഫോം KL-90 സിരീസിലേക്ക് പോകുന്നതിലൂടെയും ഈ പ്രശ്നം പരിഹരിക്കാൻ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് (എംവിഡി) തീരുമാനിച്ചത്. നിലവിൽ ഓരോ വകുപ്പിന്റെയും പേരിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. മാത്രമല്ല, നമ്പറുകൾ വിവിധ ശ്രേണിയിലായതിനാൽ സംസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങളുണ്ടെന്ന കണക്കുപോലും സർക്കാറിലില്ല. ഈ പോരായ്മ പരിഹരിക്കലിനൊപ്പം അനാരോഗ്യ പ്രവണതകളില്ലാതാക്കാൻ കൂടിയാണ് പുതിയ നീക്കം. എന്തായാലും പുതിയ നിയമം നടപ്പിലാവുന്നതോടെ വാഹന പരിശോധനകളിലും മറ്റും ഉദ്യോഗസ്ഥർക്ക് ഉണ്ടാവുന്ന ആശയക്കുഴപ്പവും ഒരു പരിധി വരെ ഇല്ലാതാവുമെന്നാണ് കരുതുന്നത്.
ഇതിനോട് അനുബന്ധമായി പുതിയ വിവരങ്ങൾ ലഭിക്കുന്നത്, സംസ്ഥാനത്തെ ഓണ്‍ലൈന്‍ കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് കൈമാറിയിരിക്കുകയാണ്. അത് കൊണ്ട് ഇനി മുതൽ കേസുകൾ പരിഗണിക്കുന്നത് എംവിഡിയുടെ ഓൺലൈൻ കോടതിയല്ല, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളാണ് എന്ന് മാത്രമല്ല പിഴയടയ്ക്കാതെ കോടതിയിൽ എത്തിയാൽ അത് ഇരട്ടിയാകാനും സാധ്യതയുണ്ട്.