22 December, 2023 12:03:41 PM


ഭിന്നശേഷിക്കാരനായ യൂത്ത്‌ കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു



ആലപ്പുഴ : കായംകുളത്ത് ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജിമോന്‍ കണ്ടല്ലൂരിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. എഐസിസി അംഗം ജോണ്‍സണ്‍ എബ്രഹാം നല്‍കിയ പരാതിയിലാണ് കേസെടുത്തത്. അജിമോന്‍ കണ്ടല്ലൂരിന് മര്‍ദ്ദനമേറ്റ സംഭവം ചൂണ്ടിക്കാട്ടി 19 നാണ് ജോണ്‍സണ്‍ പരാതി നല്‍കിയത്.

ആക്രമണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ നേരത്തെ അജിമോന്‍ രംഗത്ത് വന്നിരുന്നു. വി. വസീഫിനും എംഎല്‍എ ഗണേഷ് കുമാറിനും എതിരെയായിരുന്നു അജിമോന്‍ കണ്ടല്ലൂരിന്റെ പ്രതികരണം. 

താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്നാണ് വസീഫ് പ്രചരിപ്പിക്കുന്നത്. തന്നെ രക്തസാക്ഷിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു എന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഇരുവരും പ്രതികരിച്ചത് പിണറായി വിജയനെ സന്തോഷിപ്പിക്കാന്‍. തനിക്കെതിരായ മര്‍ദ്ദനത്തെ ന്യായീകരിച്ച് പൊളിറ്റിക്കല്‍ ഗ്രാഫ് ഉയര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും അജിമോന്‍ പരിഹസിച്ചു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചു എന്നത് വസ്തുത. ഒരു സംഘം ആളുകള്‍ വളഞ്ഞിട്ട് ആക്രമിച്ചു. പുറത്തു വന്നത് ഒരാള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാത്രം. പോലീസ് ഇതുവരെ കേസെടുത്തത് ഒരാള്‍ക്കെതിരെ മാത്രം. ഇയാളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് സമ്മര്‍ദ്ദം മൂലമാണെന്നും അജിമോന്‍ ആരോപിച്ചു. തനിക്ക് നേരിടേണ്ടിവന്ന മര്‍ദ്ദനം വൈകാരിക വിഷയമായി മാറ്റിയെടുക്കേണ്ട ആവശ്യം കോണ്‍ഗ്രസിന് ഇല്ലെന്നും അജിമോന്‍ കണ്ടല്ലൂര്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K