17 December, 2023 12:48:52 PM
കഞ്ചാവ് കൃഷിയും വിൽപനയും; കൊടൈക്കനാലിൽ ആറംഗ മലയാളി ലഹരി സംഘം പിടിയിൽ
കൊടൈക്കനാല്‍: തമിഴ്നാട് കൊടൈക്കനാല്‍ മണ്ണവനൂര്‍ ഭാഗത്ത് കഞ്ചാവ് കൃഷിചെയ്ത് വില്‍പന നടത്തി വന്നിരുന്ന മലയാളികളായ ആറുപേരെ കൊടൈക്കനാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി ഡോമിനിക് പീറ്റര്‍ (28), പത്തനംതിട്ട സ്വദേശി ആന്‍സ് ജോസ്(28), ജെയ്സൺ (29), അനീഷ്ഖാന്‍ (34), അഖില്‍ ഫെർണാണ്ടസ് (27) ജോൺ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുകൂടാതെ ലഹരി വിൽപന നടത്തിയിരുന്ന 17കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊടൈക്കനാല്‍ മണ്ണവനൂർ, പൂമ്പാറൈ തുടങ്ങിയ ഭാഗങ്ങളില്‍ കഞ്ചാവ് കൃഷിചെയ്യുന്നതായും ലഹരി കൂണ്‍, കഞ്ചാവ് എന്നിവ വില്പന നടത്തിവരുന്നതായും കൊടൈക്കനാല്‍ പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് അടക്കമുള്ള ലഹരി വിൽപന സജീവമാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.
തുടർന്ന് പ്രദേശങ്ങളിൽ വാഹന പരിശോധന ശക്തമാക്കി. ഡി എസ് പി മധുമതി, ഇന്‍സ്‌പെക്ടര്‍ ദിനകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസുകാര്‍ കൊടൈക്കനാല്‍ മണ്ണവനൂര്‍ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോഴാണ് പ്രതികളെ പിടിച്ചത്.
വിനോദസഞ്ചാരികൾക്ക് ഒരു 17കാരൻ കഞ്ചാവ് പാക്കറ്റുകൾ എത്തിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ പിന്തുടർന്നാണ് മലയാളി ലഹരി സംഘത്തിലേക്ക് പൊലീസെത്തിയത്. ഒരു ഹോസ്റ്റൽ വാടകക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ എംഡിഎംഎ ഉള്‍പ്പെടെ വിൽപന നടത്തിയിരുന്നതായി ഇവർ സമ്മതിച്ചു.
800 ഗ്രാം കഞ്ചാവ്, 100 ഗ്രാം ലഹരി കൂൺ, ചെറുപാക്കറ്റുകളിലാക്കിയ എംഡിഎംഎ എന്നിവയും കണ്ടെത്തി. ചെറിയതോതില്‍ ഉണ്ടായിരുന്ന കഞ്ചാവുകൃഷി പോലീസ് നശിപ്പിക്കുകയും ചെയ്തു. പിടിയിലായ ഡൊമിനിക്ക് കേരളത്തിൽ ലഹരി വിൽപനയുമായി ബന്ധപ്പെട്ട് പത്തോളം കേസുകളിലെ പ്രതിയാണെന്നും കൊടൈക്കനാൽ പൊലീസ് അറിയിച്ചു.