10 December, 2023 12:24:05 PM
കാനം ഇനി ദീപ്ത സ്മരണ: അന്തിമോപചാരം അര്പ്പിച്ച് ആയിരങ്ങൾ
കോട്ടയം: കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ കാനം രാജേന്ദ്രന്റെ സംസ്കാരം പൂർത്തിയായി. ധീര സഖാവേ ലാൽസലാം എന്ന് പ്രവർത്തകർ ഉറക്കെ വിളിച്ച മുദ്രാവാക്യങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിലായിരുന്നു കാനത്തിന്റെ മടക്കം.
കാർക്കശ്യമുള്ള നിലപാടുകളിലൂടെയും, ധീരമായ നേതൃത്വത്തിലൂടെയും കേരള രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വമായിരുന്ന കാനം രാജേന്ദ്രന് മലയാളക്കര നൽകിയതും അർഹമായ അന്ത്യായാത്ര മൊഴിയായിരുന്നു. ആയിരക്കണക്കിന് ജനങ്ങളും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി കോട്ടയം കാനത്തേക്ക് എത്തിയിരുന്നു..
കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. വീടിന്റെ തെക്കുവശത്തെ പുളിമരച്ചുവട്ടിൽ അച്ഛൻ വി.കെ. പരമേശ്വരൻ നായർക്ക് ചിതയൊരുക്കിയ സ്ഥലത്തോട് ചേർന്നാണ് കാനത്തിനും അന്ത്യവിശ്രമം ഒരുക്കിയത്.
മകൻ സന്ദീപ് ചിതക്ക് തീ കൊളുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. നാരായണ, ബിനോയ് വിശ്വം, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ തമിഴ്നാട്, കര്ണാടക സംസ്ഥാന സെക്രട്ടറിമാർ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കൾ എന്നിവർ കാനത്തിന് അന്തിമോപചാരം അര്പ്പിച്ച് വാഴൂരിലെ വസതിയിലെത്തിയിരുന്നു.