05 December, 2023 05:52:43 PM


മറ്റുള്ളവരുടെ മാനസികനില തകരാറിലെന്ന് തോന്നുന്ന പിണറായിക്ക് ഉപദേശമല്ല, വേണ്ടത് ചികിത്സ - വി ഡി സതീശന്‍തിരുവനന്തപുരം : രാഷ്ട്രീയ എതിരാളികളുടെ തലയ്ക്ക് എന്തോ പറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കുറേക്കാലമായി പറയുന്നതാണ്. പണ്ട് കുറച്ചേ പറയാറുണ്ടായിരുന്നുള്ളൂ. എസ് എന്‍ സി ലാവലിന്‍ ഫയലില്‍ അസംബന്ധം എന്നെഴുതിയ ധനകാര്യ സെക്രട്ടറിയുടെ തല പരിശോധിക്കണമെന്ന് എഴുതിയ ആളാണ് പിണറായി വിജയന്‍. അന്ന് മുതല്‍ക്കെ പിണറായിക്ക് ഈ പ്രശ്‌നമുണ്ട്. മറ്റുള്ളവരുടെ തല പരിശോധിക്കണമെന്നും മാനസികനില ശരിയല്ലെന്നും എപ്പോഴും പറയും. നിയമസഭയിലും ഇത് പലവട്ടം പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെയെല്ലാം മാനസികനില തകരാറിലാണെന്ന് തോന്നുന്നത് തന്നെ ഒരു അസുഖമാണ്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക് ഉപദേശമല്ല, ചികിത്സയാണ് ആവശ്യം. 

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നല്‍കുന്ന നികുതി വിഹിതം (ഡെവലൂഷന്‍ ഓഫ് ടാക്‌സ്) സംബന്ധിച്ച് കോണ്‍ഗ്രസിന് ശക്തമായ എതിര്‍പ്പുണ്ട്. ഇക്കാര്യം നിയമസഭയിലും പുറത്തും പറഞ്ഞിട്ടുണ്ട്. പക്ഷെ കേളത്തിലെ സമ്പത്തിക പ്രതിസന്ധി മുഴുവനും കേന്ദ്ര ഉണ്ടാക്കിയതാണെന്ന വാദത്തോടെ യോജിപ്പില്ല. കേന്ദ്ര നല്‍കേണ്ട പണം നല്‍കണം. യൂട്ടലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും നല്‍കാത്തതാണ് പണം നല്‍കാന്‍ വൈകിയതെന്ന് കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഭരണപരമായ കാര്യങ്ങളാണ്. 

നികുതി വിഹിതം കുറച്ചതില്‍ മാത്രമാണ് പ്രതിപക്ഷത്തിന് എതിര്‍പ്പ്. നികുതി പിരിവിലുള്ള കൈടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക്  പ്രധാനകാരണം. 

തിരുവനന്തപുരത്ത് ഉണ്ടാകേണ്ട ധനമന്ത്രിയെയും കൂട്ടിയാണ് മുഖ്യമന്ത്രി 44 ദിവസത്തെ യാത്രയ്ക്ക് പോയിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ചെക്ക് പോലും പാസാക്കാനുള്ള പണം ഇല്ലാതെ ട്രഷറി അടഞ്ഞുകിടക്കുകയാണ്. ധനകാര്യ സംബന്ധമായ ഒരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ധനകാര്യമന്ത്രിയെ എങ്കിലും തിരുവനന്തപുരത്തേക്ക് മടക്കി അയച്ച് സെക്രട്ടേറിയറ്റില്‍ ഇരുത്തണമെന്നാണ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കാനുള്ളത്. കേരളം നശിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹിക സുരക്ഷാ പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും താളം തെറ്റി ഇരിക്കുമ്പോളാണ് മന്ത്രിസഭ ടൂര്‍ പോയത്. ഉദ്യോഗസ്ഥര്‍ പലരും കുടുംബസമേതം ടൂറിലാണ്. സെക്രട്ടേറിയറ്റിലെ പല കസേരകളിലും ആളില്ല. നാഥനില്ലാ കളരിയാക്കി തിരുവനന്തപുരത്തെ മാറ്റി. അരാജകത്വമാണ് തിരുവനന്തപുരത്ത്. എവിടെയാണ് ഭരണം നടക്കുന്നത്? ദയനീയമായ അവസ്ഥയിലാണ് കേരളം. 

കെ എസ് ആര്‍ ടി സിയും സപ്ലൈകോയും തകരുകയാണ്. നാലായിരത്തോളം കോടി രൂപയാണ് സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. ഇന്നലെ സപ്ലൈകോയിലെ എ ഐ ടി യു സി യൂണിയന്റെ സമരമായിരുന്നു. 1500 കോടിയോളം രൂപ കരാറുകാര്‍ക്ക് നല്‍കാനുള്ളതിനാല്‍ മൂന്ന് മാസമായി ഇ ടെന്‍ഡറില്‍ ആരും പങ്കെടുക്കുന്നില്ല. നെല്ല് സംഭരിച്ചതിനും കോവിഡ് കാലത്തെ കിറ്റ് വിതരണം ചെയ്തിനുമുള്ള പണം ഇപ്പോഴും നല്‍കിയിട്ടില്ല. സപ്ലൈകോ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 

അടുത്തതായി വൈദ്യുതി ബോര്‍ഡാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. 1957 മുതല്‍ 2016 വരെ 1083 കോടിയായിരുന്ന കെ എസ് ഇ ബിയുടെ കടം ഏഴ് വര്‍ഷം കൊണ്ട് നാല്‍പ്പതിനായിരം കോടിയായി. അഴിമതിയുടെ കെടുകാര്യസ്ഥതയുമാണ് ഈ സ്ഥാപനത്തെ തകര്‍ത്തത്. കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയനും തകര്‍ന്ന് തരിപ്പണമായി. ഓരോ സ്ഥാപനങ്ങളും തകരുകയാണ്. രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുമ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ടൂര്‍ പോയിരിക്കുന്നത്. അതുകൊണ്ടാണ് അതിനെ അശ്ലീല നാടകമെന്ന് വിശേഷിപ്പിച്ചത്. 

ഡി എ കുടിശികയ്ക്കു വേണ്ടി ധനമന്ത്രിയുടെ ഭാര്യയ്ക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ മുദ്രാവാക്യം വിളിക്കേണ്ടി വന്നു. സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 40000 കോടി രൂപയാണ് നല്‍കാനുള്ളത്. നവകേരളമല്ല, മുടിഞ്ഞ തറവാടാക്കി കേരളത്തെ മാറ്റി. 

മുഖ്യമന്ത്രി ഉന്നത വിദ്യാഭ്യാസമന്ത്രിയെ വഴിവിട്ട് സംരക്ഷിക്കുകയാണ്. കണ്ണൂര്‍ വി സിയുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. മുഖ്യമന്ത്രി ഉത്തരവാദി ആയതുകൊണ്ടാണ് ഉന്നതവിദ്യാഭ്യാസമന്ത്രിയെ സംരക്ഷിക്കുന്നത്. അധികാരമില്ലാത്ത കാര്യത്തില്‍ പ്രോ ചാന്‍സലറായ ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെട്ടെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും മന്ത്രി രാജി വയ്ക്കാനോ അവരെ പുറത്താക്കാന്‍ മുഖ്യമന്ത്രിയോ തയാറാകുന്നില്ല. മജിസ്‌ട്രേറ്റ് കോടതിയുടെ പരാമര്‍ശത്തില്‍ മന്ത്രിമാര്‍ രാജിവച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. സുപ്രീം കോടതിയുടെ പരാമര്‍ശമുണ്ടായിട്ടും ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിക്ക് തയാറാകാതെ അള്ളിപ്പിടിച്ച് ഇരിക്കുകയാണ്.

എ വി ഗോപിനാഥിന്റെ രാജി പാര്‍ട്ടി സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തതു കൊണ്ട് അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K