05 December, 2023 07:05:38 AM
അയ്യപ്പഭക്തർ ജാഗ്രത പാലിക്കുക; കറുപ്പണിഞ്ഞാൽ പൊലീസ് അറസ്റ്റ് ചെയ്യും - വി ഡി സതീശൻ
കൊച്ചി: കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് 1032 കോടി രൂപയുടെ അഴിമതിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഴിമതി മുഴുവൻ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷൻ വഴിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എല്ലാ നിയമനങ്ങളിലും സര്‍ക്കാര്‍ ഇടപെടലുണ്ടായി. കോടതികളില്‍ നിന്ന് മൂന്ന് സുപ്രധാന വിധി സര്‍ക്കാരിനെതിരായി വന്നുവെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു.
'കോവിഡ് കാലത്ത് നായകള്‍ക്കും പശുവിനും പക്ഷികള്‍ക്കും ഒക്കെ ഭക്ഷണവും വെള്ളവും കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വാര്‍ത്താ സമ്മേളനം നടത്തിയാണ് മുഖ്യമന്ത്രി അത് പറഞ്ഞത്. മുഖ്യമന്ത്രിക്ക് എത്ര മഹാ മനസ്സെന്ന് വിചാരിച്ചു. പിന്നെയാണ് മനസിലായത് കൊടിയ അഴിമതിയാണ് പിന്നില്‍ നടത്തിയതെന്ന്'. വി ഡി സതീശൻ പറഞ്ഞു.
നവകേരള സദസ്സില്‍ പരാതി പ്രളയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരിക്കുന്നത് പിണറായി വിജയനാണെന്ന് ഓര്‍മിപ്പിക്കുന്നു. ലൈഫ് മിഷൻ, സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞി എല്ലാം താറുമാറായി. കഴിഞ്ഞ മാസം വരെ കറുത്ത തുണിയായിരുന്നു പേടി. ഇപ്പോഴത് വെള്ള തുണിയായി. വെള്ള നിറമിട്ടാല്‍ കരുതല്‍ തടങ്കലില്‍ പോകേണ്ടി വരും. അയ്യപ്പ ഭക്തരും ജാഗ്രത പാലിക്കണം. കറുപ്പ് വേഷം ധരിച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തേക്കും. വി ഡി സതീശൻ പരിഹസിച്ചു.