30 November, 2023 08:41:06 PM


പ്രസവം നിർത്തിയിട്ടും അഞ്ചാമത്തെ കുഞ്ഞ് ജനിച്ചു; നഷ്ടപരിഹാരം വേണമെന്ന ആവശ്യം നിരസിച്ച് ഹൈക്കോടതി



കൊച്ചി: പ്രസവാനന്തര വന്ധ്യംകരണ (പിപിഎസ്) ശസ്ത്രക്രിയയ്ക്ക് വിധേയമായ ശേഷവും അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകിയതിനാൽ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് 39-കാരി നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. ചില അസാധാരണമായ കേസുകളിൽ പിപിഎസ് സർജറിക്ക് ശേഷവും ഗർഭധാരണത്തിനുള്ള സാധ്യതയുണ്ടെന്ന മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സി എസ് സുധ നഷ്ടപിഹാരം വേണമെന്ന ആവശ്യം നിരസിച്ചത്.

കീഴ്കോടതി ആവശ്യം നിരസിച്ചതിെന തുടർന്നാണ് ഹൈക്കോടതിയിൽ യുവതി അപ്പീൽ നൽകിയത്. പിപിഎസ് ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷം തന്റെ അഞ്ചാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് പ്രസവിച്ചു. ശസ്ത്രക്രിയ സമയത്തുണ്ടായ അപാകതയാണ് വീണ്ടും ഗർഭം ധരിക്കാനിടയാക്കിയതെന്നും അതിനാൽ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. സർക്കാർ ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയമയാത്.

എന്നാൽ നിരവധി വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെന്നും ഇത്തരം സംഭവം ആദ്യമാണെന്നും ഡോക്ടർ കോടതിയെ അറിയിച്ചു. അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയുമാണ് താന്‍ ജോലി ചെയ്തതെന്നുമായിരുന്നു ഡോക്ടറുടെ വാദം. വന്ധ്യംകരണ ശസ്ത്രക്രിയകളിൽ പരാജയപ്പെടാനുള്ള അപൂർവ സാധ്യതയെക്കുറിച്ചും ഡോക്ടർ കോടതിയെ അറിയിച്ചു.

ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പ് ഹർജിക്കാരെ അപൂർവ്വ സാഹചര്യങ്ങളിൽ പരാജയപ്പെടാനുള്ള സാധ്യതയെക്കുറിച്ചും ബോധിപ്പിച്ചിരുന്നതായി ഡോക്ടർ ഹൈക്കോടതിയിൽ വ്യക്തമാക്കി. തുടർന്നാണ് സമാനമായ കേസുകളിൽ ഹൈക്കോടതിയുടെ തന്നെ മുൻവിധികളും പരിഗണിച്ച് ആവശ്യം നിരസിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K