28 November, 2023 09:05:05 AM
കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രം പുറത്തുവിട്ടു
കൊല്ലം: ഓയൂരില്‍ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയിട്ട് 13 മണിക്കൂർ പിന്നിട്ടു. രാത്രി മുഴുവൻ തിരച്ചിൽ . പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രം പുറത്തുവിട്ടു. ഓയൂര്‍ സ്വദേശി അഭികേൽ സാറ റെജിയെ ഇന്നലെ വൈകിട്ട് 4.45 യോടെയാണ് തട്ടി കൊണ്ട് പോയത്.
വെള്ള നിറത്തിലുള്ള മാരുതി സിഫ്റ്റ് ഡിസയർ കാറിലാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് കരുതുന്നത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകുമ്ബോഴാണു കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 4 അംഗ സംഘമാണ് സംഭവത്തിന് പിന്നിൽ. ഇതിനിടെ മോചനദ്രവ്യം ആവശ്യപ്പെട്ട് 2 തവണ കുട്ടിയുടെ വീട്ടിലേക്ക് ഫോണും വിളിച്ചു. ആദ്യം 5 ലക്ഷവും , പിന്നീട് 10 ലക്ഷവും രൂപയാണ് ആവശ്യപ്പെട്ടത്.
മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ ആദ്യം വിളിച്ച നമ്പർ പാരിപ്പള്ളിയിലെ കടയുടമയുടേത് ആണന്ന് കണ്ടെത്തി. കടയുടമയുടെ ഫോൺ വാങ്ങി വിളിച്ചത് സ്ത്രീയും പുരുഷനും ചേർന്ന് ആണെന്ന് കടയുടമ പറഞ്ഞു. ഇവർ പിന്നീട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി ഓട്ടോറിക്ഷയിൽ കയറിപ്പോയി.
കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് സംശയിക്കുന്ന കാറിന്റെ നമ്പരും വ്യാജം എന്ന് പോലീസ് രാത്രിയോടെ കണ്ടെത്തി. കാറിൽ ഉപയോഗിച്ചിരിക്കുന്ന നമ്പർ ബൈക്കിന്റേത് ആണ് എന്ന് പോലീസ് പറഞ്ഞു.. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലായെന്നാണ് പോലീസ് കരുതുന്നത്.
അന്വേഷണം ഊർജിതമായി തുടരുകയാണന്നു ദക്ഷണ മേഖല ഐജി സ്പെർജർ കുമാർ പറഞ്ഞു. 4 ജില്ലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ തുടരുകയാണ്. ഇതിനിടെ കുട്ടിയെ 24ാം തീയതിയും തട്ടി കൊണ്ട് പോകാൻ ശ്രമം നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്ന് കുട്ടി മുത്തശിയോടൊപ്പമായിരുന്നതിനാൽ ദൗത്യം പരാജയപ്പെടുകയായിരുന്നു. ഇതോടെ സംഭവം ആസൂത്രിതമാണന്ന് തെളിഞ്ഞു. മോചനദ്രവ്യം ആവശ്യപ്പെടുന്നത് കേസ് അന്വേഷണം വഴി തെറ്റിക്കാനാന്നോയെന്നും സംശയമുണ്ട്.