27 November, 2023 03:32:33 PM
മുഖ്യമന്ത്രിയുടെ പരാമർശം ഖേദകരം: പത്തനംതിട്ട മുസ്‌ലീം ജമാഅത്ത്
പത്തനംതിട്ട: സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്‌ജിയും പത്തനംതിട്ട ടൗൺ ജമാഅത്ത് അംഗവുമായിരുന്ന ജസ്‌റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജമാഅത്തിനെതിരെ നടത്തിയ പരാമർശം ഖേദകരമാണെന്ന് പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഭാരവാഹികൾ.
സ്‌ഥലം എം.എൽ.എ എന്ന നിലയിൽ മന്ത്രി വീണ ജോർജ് സംസ്കാര ചടങ്ങിൽ എത്താതിരുന്നതിലുള്ള വിഷമമാണ് ജമാഅത്ത് പ്രകടിപ്പിച്ചത്. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല . ജമാഅത്ത് അംഗങ്ങളുടെ പൊതു വികാരമാണ് പ്രകടിപ്പിച്ചത്. ഇത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ജനാധിപത്യ അവകാശമാണ്. രാജ്യത്തെ ഉന്നത ഭരണഘടന പദവികളിൽ സതുത്യർഹമായ സേവന ചെയ്ത ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കുവാൻ എത്താതിരുന്നതിലുള്ള മന്ത്രി വീണ ജോർജിന്റെ പ്രവർത്തി ജമാഅത്ത് അംഗങ്ങളിൽ വേദന ഉളവാക്കിയിട്ടുണ്ട്. നവ കേരള സദസ്സിൽ നിന്ന് വിട്ടുനിൽക്കാൻ ആകില്ല എന്നതാണ് മന്ത്രി എത്താതിരുന്നത്
സംബന്ധിച്ച് മുഖ്യ മന്ത്രി പറഞ്ഞത്.
എന്നാൽ മറ്റ് ആവശ്യങ്ങൾക്കും സംസ്‌കാരച്ചടങ്ങുകളിലും മന്ത്രിമാർ നവകേരള സദസ്സിൽ നിന്ന് വിട്ടു നിൽക്കുകയും പങ്കെടുക്കുകയും ചെയതിട്ടുണ്ട് . കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട് വേദനാജനകമാണെങ്കിലും അപ്രതീക്ഷിതമായിരുന്നില്ല. എന്നാൽ സംസ്ഥാന സർക്കാരിൽ നിന്ന് ഇത്തരമൊരു സമീപനം മതനിരപേക്ഷ സമൂഹം തീരെ പ്രതീക്ഷിച്ചതല്ല. മുഖ്യമന്ത്രിയുടെ പ്രസ്‌താവന ശരിക്കും ഞെട്ടലോടെയാണ് കേട്ടത്. സ്വന്തം മന്ത്രിയെ ന്യായീകരിക്കാൻ വേണ്ടി ഒരു സമുദായത്തിന്‍റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്തത്. മറ്റ് ലക്ഷ്യങ്ങൾ വച്ചാണ് ജമാഅത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണം എന്ന മുഖ്യമന്ത്രിയുടെ പരാമർശം അത്യന്തം നിർഭാഗ്യകരമാണന്നും ഇത് സമുദായ അംഗങ്ങൾക്ക് മുഴുവൻ വേദന ഉളവാക്കിയെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്‍റ് ഹാജി എച്ച്. ഷാജഹാൻ , ചീഫ് ഇമാം അബ്ദൂൾഷുക്കൂർ മൗലവി, ട്രഷറർ റിയാസ് എ. കാദർ, ജോയിൻറ് സെക്രട്ടറി എം. എസ്. അൻസാരി് , എം. മുഹമ്മദ് ഹനീഫ് എന്നിവർ പങ്കെടുത്തു.