23 November, 2023 11:56:56 AM
യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ്; രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് പൊലീസ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച വ്യാജ ഐ ഡി കാർഡ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. കാർഡ് തയ്യാറാക്കിയത് എ ഗ്രൂപ്പിലെ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ വേണ്ടിയാണെന്നും റിപ്പോർട്ടിൽ പരാമർശം.
അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് വ്യാജ കാർഡുകൾ നിർമിച്ചത്. എന്നാൽ കാർഡുകൾ ആദ്യം പ്രചരിച്ചത് കാസർഗോഡ് സ്വദേശി ടോമിൻ മാത്യുവിന്‍റെ ഫോണിൽ നിന്നാണ്. തൃക്കരിപ്പൂർ സ്വദേശിയായ ആയ ഇയാൾ ഒളിവിലാണ്.
കേസിന്‍റെ ഭാഗമായി ഇന്നലെ രാത്രിയും അടൂരിലെ യൂത്ത് കോൺഗ്രസിന്‍റെ ഓഫിസിൽ പൊലീസ് പരിശോധന നടത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
അറസ്റ്റിലായ പ്രതികൾ സഞ്ചരിച്ചത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്‍റെ കാറിലായിരുന്നു. കാർ കസ്റ്റഡിയിലെടുത്തുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രാഹുലിന് സ്വീകരണം നൽകിയ ശേഷം കെപിസിസി ഓഫീസിൽ നിന്നും മടങ്ങുന്ന വഴിയാണ് ഫെനി, ബിനിൽ ബിനു എന്നിവരെ പിടികൂടിയത്.
പ്രതികൾക്ക് ഇന്നലെ ഇടക്കാല ജാമ്യം നൽകിയിരുന്നു. പ്രതികളെ റിമാൻഡ് ചെയ്യണമെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്നുമാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ ഐ ഡി കാർഡ് ഉപയോഗിച്ചത് രാജ്യത്തിന് ചേരാത്ത പ്രവൃത്തിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം നിലപാട് ഇപ്പോൾ സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.