21 November, 2023 01:22:18 PM
അടൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ പരിശോധന; ലാപ്ടോപ്പുകളും രേഖകളും പിടിച്ചെടുത്തു
പത്തനംതിട്ട : യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ രേഖ കേസുമായി ബന്ധപ്പെട്ട് അടൂരിലും പ്രത്യേക അന്വേഷണസംഘത്തിന്‍റെ പരിശോധന. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിന്‍റെ നിയോജകമണ്ഡലമാണ് അടൂർ. ഇന്നലെ അർദ്ധരാത്രിയായിരുന്നു പരിശോധന.
അടൂരിലെ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ വീട്ടിൽ നിന്ന് ലാപ്ടോപ്പുകളും, അനുബന്ധ രേഖകളും പിടിച്ചെടുത്തു. അഭി വിക്രമൻ, ബിനിൽ ബിനു എന്നിവരുടെ വീട്ടിൽ ആയിരുന്നു പരിശോധന. രണ്ടുദിവസത്തിനകം മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകി.
വ്യാജ അപ്പ് ഉപയോഗിച്ചല്ലാതെയും തിരിച്ചറിയൽ രേഖയുണ്ടാക്കി. വിവിധ എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിച്ചും വ്യാജ ഐഡി കാർഡുകളുണ്ടാക്കി. സൈബർ ഡോം നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. വ്യാജ ഐഡി കാർഡുകൾ വ്യാപകമായി നിര്‍മ്മിച്ചതിൽ പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. സോഫ്റ്റുവയർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് പൊലീസ് നോട്ടീസ് നൽകി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കാൻ പൊലീസ് നിർദേശം നൽകി. വോട്ട് ചെയ്തവരുടെ വിവരങ്ങളും തിരിച്ചറിയല്‍ രേഖകളും ഹാജരാക്കാനാണ് നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സംഘാടകര്‍ക്കാണ് നോട്ടീസ് നല്‍കിയത്. 10 പരാതികളാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന് ഇതുവരെ ലഭിച്ചത്.